
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അമീബിക് മസ്തിഷ്‌കജ്വര (Amoebic Meningoencephalitis) കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. അമീബിക് മെനിംഗോഎൻസഫലൈറ്റിസ്എന്ന് വിളിക്കുന്ന അമീബിക് മസ്തിഷ്‌കജ്വരം, അത്യന്തം അപൂർവമായെങ്കിലും ജീവന് ഭീഷണിയായ ഒരു രോഗമാണ്. പ്രധാനമായും മലിനമായ ചൂടുവെള്ളത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്ന അമീബകൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
പ്രധാന അമീബിക് മസ്തിഷ്‌കജ്വരങ്ങൾ
പ്രധാനമായും 3 തരത്തിലുള്ള അമീബിക് മസ്തിഷ്‌കജ്വരമാണ് കാണപ്പെടുന്നത് . പ്രൈമറി അമീബിക് മെനിംഗോഎൻസഫലൈറ്റിസ് (PAM) ആണ് ഇതിൽ ഏറ്റവും അപകടകാരി. ഇതിനു കാരണകാരൻ: Naegleria fowleri എന്ന അമീബയാണ് .വളരെ വേഗത്തിൽ പുരോഗമിക്കുന്ന ആക്യുട്ട് ഇൻഫെക്ഷൻ ആണിത് .മലിനമായ ചൂടുവെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.വളരെ ഉയർന്ന മരണനിരക്ക് ആണ് ഇതിനു .
ഗ്രാനുലോമാറ്റസ് അമീബിക് എൻസഫലൈറ്റിസ് (GAE) ആണ് രണ്ടാമത്തെ അമീബിക് മസ്തിഷ്‌കജ്വരം. ഇതിന്റെ കാരണകാരനായ അമീബ Acanthamoeba spp ആണ്. PAM-നെക്കാൾ മന്ദഗതിയിലാണ് ഈ രോഗം പുരോഗമിക്കുന്നത്. സാധാരണയായി പ്രതിരോധശേഷി കുറവുള്ളവരിലാണ് കാണുന്നത് (HIV/AIDS, കാൻസർ ചികിത്സക്കാർ തുടങ്ങിയവർ).ഇതിന്റെ പ്രധാന ലക്ഷണങ്ങൾ: തലവേദന, ക്ഷീണം, സംസാര-കാഴ്ച പ്രശ്നങ്ങൾ, എന്നിവയാണെങ്കിലും ക്രമേണ ബ്രെയിൻ തകരാർ സംഭവിക്കുന്നു .
ബാലമൂത്തിയ എൻസഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌കജ്വരം വളരെ അപൂർവ എന്നാൽ ഗുരുതരമായ CNS (Central Nervous System) അണുബാധയാണ്. ഇതിന്റെ കാരണകാരൻ: Balamuthia mandrillaris എന്ന അമീബയാണ് .ത്വക്ക് വഴിയും ശ്വസനം വഴിയും ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുന്നു.സാധാരണയായി മരണത്തിൽ കലാശിക്കുന്നു, എന്നാൽ PAM പോലെ അതിവേഗമല്ല
അമീബിക് മസ്തിഷ്‌കജ്വരത്തിൻറെ പ്രധാന രോഗലക്ഷണങ്ങൾ
കടുത്ത തലവേദന,പനി,കഴുത്ത് മുറുക്കം,ഛര്‍ദ്ദി,ആശയക്കുഴപ്പം, ദിശാഭ്രമം, ക്ഷീണം എന്നിവയാണ് .എന്ന രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ രോഗി കോമയിലേക്കും പിന്നീട് മരണത്തിനും കീഴ്‌പ്പെടുന്നു .
മുൻകരുതലുകൾ
ശുദ്ധജലം മാത്രം ഉപയോഗിക്കുക – കുടിക്കാൻ, പാചകം ചെയ്യാൻ, മുഖം കഴുകാൻ, കുളിക്കാൻ എല്ലാം ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കുക. മലിനജലം, കുളങ്ങൾ, തടാകങ്ങൾ, പുഴകൾ തുടങ്ങിയവയിൽ നേരിട്ട് മുഖം മുക്കുന്നത് ഒഴിവാക്കണം.
കുളിക്കുന്നപ്പോൾ ശ്രദ്ധിക്കുക – പൊതുകുളങ്ങളിൽ, സ്വിമ്മിംഗ് പൂളുകളിൽ, തടാകങ്ങളിൽ, പുഴകളിൽ മുതലായിടങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. സാധ്യമായിടത്ത് നാസൽ ക്ലിപ്പ് ഉപയോഗിക്കുക.
വെള്ളം തിളപ്പിച്ച് കുടിക്കുക – കുടിവെള്ളം സുരക്ഷിതമല്ലെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ അത് തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ.
നാസൽ വാഷ് ചെയ്യുമ്പോൾ – നേറ്റിപ്പോട്ട്, സാലൈൻ സ്പ്രേ, നാസൽ ക്ലീനർ എന്നിവ ഉപയോഗിക്കുമ്പോൾ ഡിസ്റ്റിൽഡ് വാട്ടർ അല്ലെങ്കിൽ തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
കുടിവെള്ള സ്രോതസ്സ് ശുദ്ധമാക്കുക – കിണറുകൾ, ടാങ്കുകൾ, വാട്ടർ സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ നിയമിതമായി ശുദ്ധീകരിക്കുകയും ക്ലോറിൻ ചെയ്യുകയും വേണം.
ശുചിത്വ ശീലങ്ങൾ – കൈകൾ കഴുകാതെ ഭക്ഷണം കഴിക്കരുത്. മുഖത്തും മൂക്കിലും മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക.
ആരോഗ്യസൂചനകൾ കാണുമ്പോൾ ഉടൻ ചികിത്സ തേടുക – തലവേദന, ജ്വരം, കഴുത്ത് വേദന, തല ചുറ്റൽ, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
പരിശോധനാ രീതികൾ
അമീബിക് മസ്തിഷ്‌കജ്വരം നിർണ്ണയിക്കുന്നതിന് പല മാർഗ്ഗങ്ങളും വിദഗ്ദ്ധർ ഉപയോഗിക്കുന്നുണ്ട്. രോഗിക്ക് മലിനജലത്തിൽ നീന്തിയിട്ടുണ്ടോ, അല്ലെങ്കിൽ സംശയകരമായ വെള്ളം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡോക്ടർ പരിശോധിക്കുന്നു. ശാരീരിക പരിശോധനയാണ് മറ്റൊന്ന് . ഇതിനായി ഡോക്ടർ തലവേദന, കഴുത്ത് മുറുകൽ, കാഴ്ച്ച വ്യതിയാനം, ബോധാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നു.സമ്പർക്കമുണ്ടായവ രുടെ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് ദ്രുതപരി ശോധനയ്ക്കു വിധേയമാക്കും.
സിഎസ്‌എഫ് (CSF) പരിശോധന – ലംബാർ പങ്‌ചർ വഴി തലച്ചോറിനും മെദുല്ലയ്ക്കുമിടയിലെ ദ്രാവകത്തിൽ അമീബയുടെ സാന്നിധ്യം ഉണ്ടോ എന്നാണിവിടെ പരിശോധിക്കുന്നത്. കൂടാതെ ബ്രെയിൻ സ്കാൻ – സി.ടി. സ്കാൻ , എം.ആർ.ഐ (MRI) പോലുള്ള ഇമേജിംഗ് പരിശോധനകൾ വഴി തലച്ചോറിലെ അണുബാധയും വീക്കവും കണ്ടെത്തുന്നു.ലബോറട്ടറി പരിശോധനകളായ രക്തസാമ്പിള്‍, സിഎസ്‌എഫ് സാമ്പിള്‍ എന്നിവയിലെ അമീബയെ മൈക്രോസ്കോപ്പ്, പി.സി.ആർ (PCR) തുടങ്ങിയ മാർഗങ്ങളിലൂടെ തിരിച്ചറിയുന്നു.തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും ഈ പരിശോധനയുണ്ട്.
ചികിത്സ
രോഗം വളരെ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ ചികിത്സ ദുഷ്കരമാണ്.ചില ആന്റിഫംഗൽ മരുന്നുകളും പ്രത്യേക ആന്റിബയോട്ടിക്കുകളും ചേർത്ത് ചികിത്സിക്കാൻ ശ്രമിക്കുന്നു.രോഗം ആദ്യ ഘട്ടത്തിൽ കണ്ടെത്തിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ.











