വിജയ്ക്ക് ഒന്നരക്കോടി പിഴ ചുമത്തിയ ആദായനികുതി വകുപ്പ് ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന്‍ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

vijay

പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി. എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്‌ന് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്ന്റെ അഭിഭാഷകന്‍ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

VIjay

വെളിപ്പെടുത്താത്ത വരുമാനത്തിന് 10 ശതമാനം പിഴ ചുമത്തി ആദായനികുതി വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ നടന്‍ സ്വമേധയാ സമ്മതിച്ചതിലൂടെയല്ല, തങ്ങള്‍ നടത്തിയ റെയ്ഡിലാണ് കുറ്റകൃത്യം കണ്ടെത്തിയതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പിന്നാലെ ഉത്തരവിനെതിരെ നടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം നടപടികള്‍ ആരംഭിക്കാനുള്ള പരിമിതി കാലയളവ് അവസാനിച്ച ശേഷം പുറപ്പെടുവിച്ചതിനാല്‍ പിഴ ചുമത്തിയ ഉത്തരവ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ജസ്റ്റിസ് അനിത സുമാന്ത് ആണ് നടന്റെ ഹരജി സ്വീകരിച്ചത്.

Previous articleജീവിതത്തിലെ പുതിയ പ്രകാശം! കുഞ്ഞ് ഉടന്‍ എത്തുമെന്ന് ബിപാഷയും കരണും
Next articleവിവാഹത്തിന് ക്ഷണിച്ചത് 70 പേരെ വന്നത് ഒരാള്‍; ജോലി രാജി വെച്ച് യുവതി