ഇനി ഹീറോ അല്ല…ഡോ. രാം ചരണ്‍!!!

തെലുങ്കിലെ യുവ ഹീറോ രാം ചരണിന് ഡോക്ടറേറ്റ്. ചെന്നൈയിലെ വെല്‍സ് യൂണിവേഴ്സിറ്റിയാണ് താരത്തിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ബഹുമതി. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്…

തെലുങ്കിലെ യുവ ഹീറോ രാം ചരണിന് ഡോക്ടറേറ്റ്. ചെന്നൈയിലെ വെല്‍സ് യൂണിവേഴ്സിറ്റിയാണ് താരത്തിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ബഹുമതി. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയതിന് പിന്നാലെയാണ് താരത്തിന് ഓണററി ഡോക്ടറേറ്റും ലഭിക്കുന്നത്.

താരത്തിനെ ആദരിക്കുന്നതിന് പിന്നാലെ ചന്ദ്രയാന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി വീരമുത്തുവേലിനും യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, സംവിധായകന്‍ ശങ്കര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍പ് അംഗീകാരം ലഭിച്ചത്.

2007ലിറങ്ങിയ ചിരുത എന്ന ചിത്രമാണ് രാം ചരണിന്റെ അരങ്ങേറ്റ ചിത്രം. എസ്എസ് രാജമൗലി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ആര്‍ആറിലെ പ്രകടനത്തിന് ഫിലിംഫെയര്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് എന്നിവയെല്ലാം താരത്തിന് ലഭിച്ചിരുന്നു.

ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ ആണ് രാം ചരണിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായികയാവുന്നത്. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയാവുന്നത്.