‘കാന്താര’യിലെ വരാഹ രൂപം ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം ‘വരാഹ രൂപത്തിനെതിരെ കോപ്പിയടി വിവാദമുയര്‍ന്നിരുന്നു. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു വിവാദം. വിഷയത്തില്‍…

തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം ‘വരാഹ രൂപത്തിനെതിരെ കോപ്പിയടി വിവാദമുയര്‍ന്നിരുന്നു. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു വിവാദം. വിഷയത്തില്‍ തൈക്കുടം ബ്രിഡ്ജുകാര്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി.

തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയായിരുന്നു ഹാജരായത്. തങ്ങളുടെ പാട്ട് കോപ്പിയടിച്ചത് പകര്‍പ്പവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്നായിരുന്നു തൈക്കൂടം ബാന്‍ഡിന്റെ ആരോപണം.

അതേസമയം തൈക്കൂടം ബാന്‍ഡിന്റെ പാട്ട് കോപ്പിയടിച്ചെന്ന ആരോപണം തള്ളി കാന്താരയുടെ സംവിധായകന്‍ രംഗത്തെത്തിയിരുന്നു. കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കൂടത്തിന്റെ പരാതിയില്‍ മറുപടി നല്‍കിയെന്നും സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൊച്ചിയില്‍ പറഞ്ഞു. കാന്താരയിലെ വരാഹ രൂപം എന്ന പാട്ട് പുറത്തുവന്നതോടെയാണ് തൈക്കൂടത്തിന്റെ നവരസം പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നത്. ആരോപണം നിലനില്‍ക്കെ സിനിമ പ്രൊമോഷന്റെ ഭാഗമായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോപ്പിയടിയല്ലെന്ന് വിശദീകരണം.

വാര്‍ത്താ സമ്മേളനത്തില്‍ വിവാദത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഋഷഭ് ഷെട്ടി തയ്യാറായില്ല. ഈ വിഷയം സംസാരിക്കാനുള്ള വേദിയല്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടി. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസിനെത്തിച്ച സിനിമ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സംവിധായകന്റെ പ്രതികരണം.