‘അമ്മ’യില്‍ ഇന്‍റേണല്‍ കമ്മിറ്റിയായി ; അധ്യക്ഷ ശ്വേതാ മേനോന്‍

സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്ത് അരങ്ങേറുന്ന അതിക്രമങ്ങളെ തടയാനായി താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു. നടി ശ്വേതാ മേനോന്‍ അധ്യക്ഷയായ കമ്മിറ്റിയില്‍ രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വ്വതി എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. ഒരു…

സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്ത് അരങ്ങേറുന്ന അതിക്രമങ്ങളെ തടയാനായി താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു. നടി ശ്വേതാ മേനോന്‍ അധ്യക്ഷയായ കമ്മിറ്റിയില്‍ രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വ്വതി എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. ഒരു അഭിഭാഷകയെക്കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും പുറത്തുവന്ന സര്‍ക്കുലറില്‍ പറയുന്നു.

മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ഉന്നയിച്ച പ്രധാന ആവശ്യം അഭിനേതാക്കളുടെ സംഘടനയില്‍ ഒരു ഇന്‍റേണല്‍ കമ്മിറ്റി വേണമെന്നതായിരുന്നു. 2018 ഒക്ടോബറിലാണ് ഡബ്ല്യു.സി.സി ഇക്കാര്യം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പോഷ് നിയമപ്രകാരവും വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവും ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയണമെന്ന ഉദ്ദേശത്തിലാണ് ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.

അഭിനേതാക്കളായ പത്മപ്രിയയും റിമ കല്ലിങ്കലുമായിരുന്നു ഹര്‍ജിക്കാര്‍. ശേഷം കേസില്‍ വനിത കമ്മീഷന്‍ ഇടപെടുകയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അമ്മ സംഘടനക്കകത്ത് ഇന്‍റേണല്‍ കമ്മിറ്റി വരണമെന്നത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പറഞ്ഞു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാനാണ് ഹേമ കമ്മിറ്റിയെ രൂപീകരിച്ചത്. 2019ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, അതിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിനെത്തുടര്‍ന്ന് രൂപീകരിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും ഉദ്ദരിച്ചുകൊണ്ടാണ് വനിത കമ്മീഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.