ജയിലറിനെക്കാൾ മികച്ചതാണോ ലിയോ? ആദ്യ റിവ്യൂവുമായി അനിരുദ്ധ്

താന്‍ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രങ്ങളുടെ ഫൈനല്‍ ഔട്ടിനെക്കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ നല്‍കുന്ന ഒരു അഭിപ്രായമുണ്ട്. വാക്കുകളിലൂടെയല്ല മറിച്ച് ഇമോജികളിലൂടെയാവും എക്സിലൂടെ അനിരുദ്ധിന്‍റെ റിവ്യൂ. സത്യസന്ധതയുടെ കാര്യത്തില്‍ അതിന് പ്രേക്ഷകര്‍ നല്ല മാര്‍ക്ക് നല്‍കിയിട്ടുണ്ട്…

താന്‍ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രങ്ങളുടെ ഫൈനല്‍ ഔട്ടിനെക്കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ നല്‍കുന്ന ഒരു അഭിപ്രായമുണ്ട്. വാക്കുകളിലൂടെയല്ല മറിച്ച് ഇമോജികളിലൂടെയാവും എക്സിലൂടെ അനിരുദ്ധിന്‍റെ റിവ്യൂ. സത്യസന്ധതയുടെ കാര്യത്തില്‍ അതിന് പ്രേക്ഷകര്‍ നല്ല മാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതിനാല്‍ അനിരുദ്ധ് വരാനിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് പറയുന്ന അഭിപ്രായത്തിന് ഏറെ മൂല്യമുണ്ട്. സമീപകാലത്ത് ജയിലര്‍, ജവാന്‍ എന്നീ ചിത്രങ്ങളെക്കുറിച്ച് അനിരുദ്ധ് എക്സില്‍ ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലിയോയെക്കുറിച്ചും തനിക്കുള്ള അഭിപ്രായം അനിരുദ്ധ് പങ്കുവച്ചിരിക്കുകയാണ്. ഇമോജികളിലൂടെയാണ് ഇത്തവണയും അനിരുദ്ധിന്‍റെ പോസ്റ്റ്. തീയുടെയും വെടിക്കെട്ടിന്‍റെയും ട്രോഫികളുടെയും ഇമോജികളാണ് അനിരുദ്ധ് സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെടിക്കെട്ടിന്‍റെയും ട്രോഫികളുടെയും കൈയടികളുടെയും ഇമോജികളാണ് ജയിലര്‍ റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായമായി അനിരുദ്ധ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ അന്ന് മൂന്നെണ്ണം വച്ചായിരുന്നുവെങ്കില്‍ ലിയോയുടെ ഓരോ ഇമോജിയും അഞ്ചെണ്ണം വീതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ബോളിവുഡ് ചിത്രം ജവാന്‍റെ ഇമോജികളും മൂന്നെണ്ണം വീതമാണ് അനി പോസ്റ്റ് ചെയ്തിരുന്നത്.  അനിരുദ്ധിന്‍റെ പോസ്റ്റ് വന്നതോടെ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷ ഉറപ്പിച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. അനിരുദ്ധ് എക്സില്‍ ഇട്ട പോസ്റ്റ് ഇതുവരെ കണ്ടിരിക്കുന്നത് 15 ലക്ഷത്തിലധികം ആളുകളാണ്. 64,000 ല്‍ അധികം ലൈക്കുകളും 21,000 ല്‍ അധികം ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്.  ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് നടനുമായ ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

ലിയോ ദാസ് ആയി വിജയ് എത്തുന്ന ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ​ഗൗതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്‍റണി, മനോബാല, ജോര്‍ഡ് മരിയന്‍, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളിലെത്തും. എന്തായാലും ലിയോ ചര്‍ച്ചകളിലാണ് തമിഴകം. ലിയോയുടെ ഓരോ വിശേഷവും ആഘോഷമാകുകയാണ്. എന്തായിരിക്കും ലിയോ കാത്തുവെച്ചത് എന്ന് അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സെൻസര്‍ ബോര്‍ഡ് വിജയ്‍യുടെ ലിയോയില്‍ വരുത്തിയ മാറ്റങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.പ്രധാനമായും 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ടാക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. വിജയ്‍യുടെ ലിയോയില്‍ ചില വയലൻസ് രംഗങ്ങള്‍ കുറയ്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക്. വിജയ്‍യുടെ ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ചേര്‍ത്തതടക്കം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു എന്നതില്‍ നിന്ന് ലഭിക്കുന്ന ഹൈപ്പ് മനസ്സിലാക്കാം. ട്വിറ്ററില്‍ ലിയോ നേരത്തെ ചേര്‍ക്കാതിരുന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്ന ചില ട്രേഡ് അനലിസ്റ്റുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‍ത് വിവാദമായി മാറിയിരുന്നു. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ചിത്രത്തിന്റെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തത് ആരാധകര്‍ ആഘോഷവുമാക്കി.ചോര നിറത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടതിനാല്‍ ലിയോയിൽ വയലൻസ് കൂടുതലായിരിക്കുമെന്നും ,  മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയമുണ്ടായിരുന്നു. എന്നാൽ   എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തി സെൻസര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്  നല്‍കിയിരിക്കുന്നത്.