അദ്ദേഹം എന്നെ വിളിച്ചു ; ധീരജ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് ജാൻവി

ജാൻവി കപൂറിന്റെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കണ്ടത്. നടി ശ്രീദേവിയുടെ മകളായതിനാല്‍ ശ്രീദേവിയെ പോലെ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട നടിയായി മാറാൻ ജാൻവിക്ക് കഴിയുമോ എന്ന് പലരും സംശയം…

ജാൻവി കപൂറിന്റെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കണ്ടത്. നടി ശ്രീദേവിയുടെ മകളായതിനാല്‍ ശ്രീദേവിയെ പോലെ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട നടിയായി മാറാൻ ജാൻവിക്ക് കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഉയര്‍ച്ച ജാൻവിയുടെ കരിയര്‍ ഗ്രാഫിന് ഉണ്ടായിട്ടുമില്ല എന്നതാണ് വാസ്തവം. 2018 മുതല്‍ ഇങ്ങോട്ടുള്ള ഗ്രാഫ് പരിശോധിച്ചാല്‍ എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും ജാൻവിക്കില്ല താനും. നെപ്പോട്ടിസം കൊണ്ട് മാത്രം ബി ടൗണില്‍ നിലനില്‍ക്കുന്ന താരമെന്ന വിമര്‍ശനവും ജാൻവിക്ക് കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ വിമര്‍ശകരെ പോലെ തന്നെ ജാൻവിക്ക് ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് ജാൻവി. റെഡ് കാര്‍പ്പറ്റ് ഇവന്റുകളിലെ തിളക്കമുള്ള നടിയാണ് ജാൻവി. പിതാവ് ബോണി കപൂര്‍, കുടുംബ സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിവരുടെ പിന്തുണ ജാൻവിയുടെ കരിയറിലുട നീളമുണ്ടായിട്ടുണ്ട്. ജാൻവിയുടെ സഹോദരി ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാൻവി കപൂര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെ റിലീസ് ചെയ്ത ബവാല്‍ എന്ന സിനിമയെക്കുറിച്ചും അമ്മയെക്കുറിച്ചും ജാൻവി സംസാരിച്ചു.ആത്മവിശ്വാസം ഉണ്ടാകുന്നതും ആത്മവിശ്വാസം പുറമേക്ക് കാണിക്കുന്നതും വ്യത്യസ്തമാണ്.

ബവാല്‍ എന്ന സിനിമയില്‍ എന്റെ കഥാപാത്രമായ നിഷയെ പോലെ ഒരു ബന്ധം എനിക്കുണ്ടായാല്‍ ഞാൻ ആ ബന്ധത്തില്‍ നിന്നും പിൻമാറും. പക്ഷെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തനിക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നെന്ന് ജാൻവി തുറന്ന് പറഞ്ഞു. ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്ന സ്ത്രീയെയാണ് ബവാലില്‍ ജാൻവി അവതരിപ്പിച്ചത്. അമ്മയെക്കുറിച്ചും ജാൻവി സംസാരിച്ചു. നടിയെന്ന നിലയില്‍ അമ്മയുടെ റൊമാൻസ് ക്യാമറയുമായി ആയിരുന്നു. അമ്മ അഭിനയിച്ചതില്‍ സദ്മയാണ് എനിക്കിഷ്ടപ്പെട്ട റൊമാന്റിക് സിനിമ. അമ്മയുടെ അഞ്ച് സിനിമകള്‍ മാത്രമേ താൻ കണ്ടിട്ടുള്ളൂയെന്നും ജാൻവി വ്യക്തമാക്കി.എന്റെ ആദ്യ ഷോട്ടെടുക്കുമ്പോള്‍ അമ്മ ഒപ്പം ഉണ്ടായിരുന്നു. സെറ്റില്‍ അമ്മ അടുത്തുണ്ടാകുന്നത് എനിക്ക് ടെൻഷനാണ്. എന്റെ ആദ്യ ഷോട്ട് ഒളിച്ചിരുന്നാണ് അമ്മ കണ്ടത്. സെറ്റില്‍ താൻ ഇല്ലെന്നാണ് അമ്മ പറഞ്ഞത്. പിന്നീട് അമ്മ അവിടെ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു. അടുത്തിടെ അമ്മയുടെ സുഹൃത്ത് തന്നോട് പങ്കുവെച്ച രഹസ്യത്തെക്കുറിച്ചും ജാൻവി മനസ് തുറന്നു. എന്നെക്കുറിച്ച്‌ അമ്മ തന്റെ കടുത്ത ആരാധകനായ സുഹൃത്തിനോട് പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച്‌ പുസ്തകം എഴുതാനിരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ തമ്മില്‍ അടുത്ത സൗഹൃദം ഉടലെടുത്തു. ധീരജ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ബവാല്‍ കണ്ട ശേഷം അദ്ദേഹം എന്നെ വിളിച്ചു. അമ്മ തന്നെക്കുറിച്ച്‌ പറഞ്ഞ കാര്യം അദ്ദേഹം തുറന്ന് പറഞ്ഞു. എന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ അമ്മ അദ്ദേഹത്തെ വിളിച്ചിരുന്നു. അവള്‍ക്ക് ഉള്ളില്‍ കഴിവുണ്ട്, അഭിമാനം തോന്നുന്നു എന്നാണ് അമ്മ പറഞ്ഞത്. ഒരാഴ്ച മുമ്പാണ് ധീരജ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ജാൻവി കപൂര്‍ വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്. ഇതേ വര്‍ഷം തന്നെയാണ് ജാൻവിയുടെ ആദ്യ സിനിമ ധടക് റിലീസ് ചെയ്തത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവിമരിച്ചത്. മരണം സിനിമാ ലോകത്തെ ഞെട്ടിച്ചു. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ.