‘പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞാണ് സേതുരാമയ്യർ’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം ഭാഗത്തിനായി. ഇപ്പോഴിതാ സേതുരാമയ്യരുടെ വരവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞാണ് സേതുരാമയ്യർ. നെറ്റിയിൽ കുങ്കുമക്കുറി, ഫാഫ് സ്ലീവ്…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം ഭാഗത്തിനായി. ഇപ്പോഴിതാ സേതുരാമയ്യരുടെ വരവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്.
പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞാണ് സേതുരാമയ്യർ. നെറ്റിയിൽ കുങ്കുമക്കുറി, ഫാഫ് സ്ലീവ് ഷർട്ട്, കൈപിറകിൽ കെട്ടിയുള്ള നടത്തം, ചുവടുകൾക്കകമ്പടിയായി കാതുകളിലേക്ക് പടർന്നുകയറുന്ന സംഗീതം. കുശാഗ്രബുദ്ധിയുള്ള അന്വേഷണോദ്യോഗസ്ഥൻ അയ്യരായി, മേയ് ഒന്നിന് മമ്മൂട്ടി വീണ്ടുമെത്തുന്നു.
ഉദ്വേഗവും ആകാംക്ഷയും ഉണർത്തുന്ന സി.ബി.ഐ. കഥയുമായി മമ്മൂട്ടിയും കെ. മധുവും എസ്.എൻ. സ്വാമിയും അഞ്ചാമതും ഒന്നിച്ചപ്പോൾ അവിടെയൊരു പുതുചരിത്രം പിറന്നു. ഒരേ നായകനും സംവിധായകനും രചയിതാവും ചേർന്ന് ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഒരുക്കുക എന്നത് ലോകസിനിമയിൽത്തന്നെ അപൂർവമായ കാര്യമാണ്. ഒന്നിലധികംതവണ പ്രേക്ഷകരിലേക്കെത്തിയ ‘ജെയിംസ് ബോണ്ട്’ ഉൾപ്പെടെയുള്ള സിനിമകളിൽ പല നടൻമാരാണ് പ്രധാനവേഷം കൈകാര്യംചെയ്തത്. 1988-ൽ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പി’ലൂടെയാണ് സേതുരാമയ്യരുടെ ആദ്യവരവ്. ആദ്യസിനിമയുടെ പിറവിയെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിതന്നെ വിശദീകരിക്കുന്നുണ്ട്. ‘‘ഒരു ക്രൈം, പിന്നീട് നടക്കുന്ന കേസന്വേഷണവും പ്രതിയെ കണ്ടെത്തലുമെല്ലാമായി പുരോഗമിക്കുന്ന പോലീസ് കഥയായിരുന്നു മനസ്സിലുണ്ടായിരുന്നത്. സി.ബി.ഐ. അന്വേഷണങ്ങളെക്കുറിച്ച് പ്രേക്ഷകർ അറിഞ്ഞുവരുന്ന കാലമായിരുന്നു അത്. സ്ഥിരം പോലീസ് അന്വേഷണത്തിൽ നിന്നുമാറി, ഇത്തവണ ഉദ്യോഗസ്ഥനൊരു സി.ബി.ഐ. ഓഫീസറാകട്ടെ എന്നാദ്യമായി പറഞ്ഞത് മമ്മൂട്ടിയാണ്’’.
അലി ഇമ്രാൻ എന്നായിരുന്നു സ്വാമി ആദ്യം ഉദ്യോഗസ്ഥന് നൽകിയ പേര്. പിന്നീട് ചർച്ചകളിലൂടെ കഥാപാത്രത്തിന്റെ പേരും ഇടപെടലുകളും മാനറിസങ്ങളുമെല്ലാം ചിട്ടപ്പെടുത്തുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചപ്പോൾത്തന്നെ മമ്മൂട്ടി കൈ പിറകിൽകെട്ടിയുള്ള സേതുരാമയ്യരുടെ നടത്തം അവതരിപ്പിച്ചതായി സ്വാമി ഓർക്കുന്നു. അക്കാലത്ത് വാർത്തകളിൽ ഇടംനേടിയ പോളക്കുളം കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥൻ വർഗീസ് പി. തോമസിന്റെ നടത്തമാണ് അയ്യർ ഏറ്റെടുത്തത്.
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് വൻഹിറ്റായി, സി.ബി.ഐ. തരംഗം തിയേറ്ററുകളിൽ ആഞ്ഞടിച്ചു. കഥാപാത്രങ്ങൾക്കൊരു തുടർച്ചവേണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും, അടുത്തൊരു ക്രൈംസ്റ്റോറി മനസ്സിൽ തെളിഞ്ഞപ്പോൾ കഥയിലേക്ക് സേതുരാമയ്യരെ സ്വാമി വീണ്ടും കയറ്റിവിട്ടു, 1989-ൽ ‘ജാഗ്രത’യിലൂടെ രണ്ടാംവട്ടവും അയ്യർ കേസേറ്റെടുത്തു.
ആദ്യസിനിമ വിജയിച്ചപ്പോൾ വിജയഫോർമുലയും വിജയകഥാപാത്രവും ഒരിക്കൽക്കൂടി പരീക്ഷിക്കുകയായിരുന്നെന്ന് സംവിധായൻ കെ. മധു പറയുന്നു, ‘‘രണ്ടാം ഭാഗം പുറത്തുവന്നപ്പോഴും സേതുരാമയ്യർ ഒരു ഐക്കണായി മാറുമെന്നൊന്നും വിശ്വസിച്ചിരുന്നില്ല, അത്തരമൊരു തോന്നൽ ഉറപ്പിച്ചത് 2004-ൽ സേതുരാമയ്യർ സി.ബി.ഐ. എന്ന മൂന്നാംഭാഗം വിജയിച്ചതോടെയാണ്. 2005-ൽ പുറത്തുവന്ന ‘നേരറിയാൻ സി.ബി.ഐ.’യും പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു. എന്നാൽ, അടുത്തഭാഗത്തിനായി ബോധപൂർവമൊരിടവേള നൽകുകയായിരുന്നു’’. പതിനേഴുവർഷത്തിനിപ്പുറമാണ് സിനിമയുടെ അഞ്ചാംഭാഗം ‘സി.ബി.ഐ. ദ ബ്രെയിൻ’ പ്രേക്ഷകരിലേക്കെത്തുന്നത്.
മലയാളസിനിമയിൽ വലിയ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഇത്തവണ സിനിമ നിർമിച്ചത്. ഇടവേള അവസാനിപ്പിച്ചുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവുകൂടിയാണ് ‘സി.ബി.ഐ. ദ ബ്രെയിനി’ലൂടെ നടക്കുന്നത്. ആദ്യ നാലുഭാഗങ്ങളിലും പ്രധാനപ്പെട്ടൊരു വേഷത്തിലെത്തിയ ജഗതിയെയും അഞ്ചാംഭാഗത്തിൽ കാണാം. മുകേഷ്, സായികുമാർ, ആശാശരത്ത്, കനിഹ, രൺജിപണിക്കർ, സൗബിൻഷാഹിർ, അനൂപ് മേനോൻ, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.
‘‘ബുദ്ധി ആയുധമാക്കി സത്യത്തിലേക്ക് നടന്നുനീങ്ങുന്ന സേതുരാമയ്യരെ കഴിഞ്ഞ മുപ്പത്തിനാലുവർഷമായി പ്രേക്ഷകർക്കറിയാം. അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ചെറിയ ചെറിയ ഭാവവ്യതിയാനങ്ങൾപോലും പിടിച്ചെടുത്ത് കഥയ്ക്കൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകർ. എന്റർടെയിനർ എന്നതിനുപരി വെറുപ്പാണ് ഏറ്റവും വലിയ ക്രൈം എന്ന വലിയൊരു സന്ദേശംകൂടി അഞ്ചാംവരവ് പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്’’, പ്രദർശനത്തിനൊരുങ്ങിയ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ നിർമാതാവ് അപ്പച്ചൻ പങ്കു​െവച്ചു. മുൻപൊരു സിനിമ പ്രഖ്യാപിച്ചപ്പോഴും ലഭിക്കാത്തത്ര ഫോൺവിളികളും അന്വേഷണങ്ങളുമാണ് സി.ബി.ഐ.യുടെ വിവരങ്ങൾ തിരക്കി സ്വർഗചിത്രയിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിനനുസരിച്ചുള്ള മാറ്റവും ടെക്നോളജികളുടെ സഹായവുമെല്ലാം ഇത്തവണ അന്വേഷണത്തിനു കൂട്ടുവരുന്നുണ്ട്. സി.ബി.ഐ. കഥയുടെ യാത്രയിൽ മാറാത്തതായി തുടരുന്ന രണ്ടുകാര്യങ്ങൾ സേതുരാമയ്യരുടെ മാനറിസങ്ങളും സൗന്ദര്യവുമാണെന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. എത്ര വലിയവനും എന്തെല്ലാം പ്ലാൻചെയ്ത് ഒരു ക്രൈംനടത്തിയാലും ഒരു കടുകുമണിയോളം പോന്ന തെളിവ് അവശേഷിച്ചിരിക്കുമെന്ന് ചിന്തയിലൂന്നിയാണ് സി.ബി.ഐ. സിനിമകളിലെ അന്വേഷണം മുന്നോട്ടുപോകുന്നത്.
നാലുഭാഗങ്ങൾ ഒരുക്കിയതിനെക്കാൾ സമയവും വെട്ടിത്തിരുത്തലുകളും നടത്തിയാണ് അഞ്ചാംഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്ന് എസ്.എൻ. സ്വാമി പറയുന്നു,
‘‘കഥയുടെ ഏതാണ്ടൊരു രൂപം തെളിഞ്ഞാൽ തൃപ്തിയാകുന്നതുവരെ എഴുതുന്നതാണ് രീതി. എഴുത്ത് പൂർത്തിയായിക്കഴിഞ്ഞാൽ സംവിധായകനുമായി പത്തുപന്ത്രണ്ടുതവണയെങ്കിലും ചർച്ചയ്ക്കായി ഇരിക്കും, സീനുകളെല്ലാം മനപ്പാഠമാകും, പിന്നെ കാര്യങ്ങൾ എളുപ്പമാണ്. കഥയെക്കുറിച്ചൊരു രൂപം മമ്മൂട്ടി ആദ്യമെ പിടിച്ചെടുക്കും, മുൻപ് അവതരിപ്പിച്ച വേഷമായതിനാൽ എളുപ്പത്തിൽ അതിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തിനുകഴിയും. ക്ലൈമാക്‌സിനെക്കുറിച്ചൊന്നും ഒരിക്കലും കൂടുതലായി ചോദിക്കാറില്ല, അതെല്ലാം അദ്ദേഹം എനിക്കുനൽകുന്നൊരു വിശ്വാസമാണ്. ഇത്തവണ ലൊക്കേഷനിലിരുന്നാണ് കഥാസഞ്ചാരത്തെക്കുറിച്ച് കൂടുതലായും ഞങ്ങൾ സംസാരിച്ചത്’’ – എസ്.എൻ. സ്വാമി പറഞ്ഞു.
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് സിനിമയുടെ ക്ലൈമാക്‌സ് ചർച്ചചെയ്ത് മാറ്റിയെഴുതിയതാണെന്ന് സ്വാമി വിവരിച്ചു. ക്ലൈമാക്‌സ് ഷൂട്ടിങ്ങിനായി ക്യാമറ ഒരുക്കി, ലൈറ്റപ്പെല്ലാം ചെയ്തശേഷമാണ് ചെറിയൊരു മാറ്റി​െയഴുത്ത് ആവശ്യപ്പെട്ട് മമ്മൂട്ടിയും സംവിധായകനുംകൂടി സ്വാമിയുടെ അടുത്തേക്ക് ചെല്ലുന്നത്. ‘‘ഞാൻ തിരുവനന്തപുരത്തെ ഒരുഹോട്ടൽമുറിയിലിരുന്ന് എഴുതുകയാണ്. മമ്മൂട്ടിയും കെ. മധുവും വന്ന് കുറച്ചുകൂടി ഡ്രാമകൊണ്ടുവന്നാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടു. നിലവിലെ എഴുത്തിൽ വലിയമാറ്റം വേണമെന്നല്ല, പ്ലെയിനായി കുറ്റവാളിയെ ചൂണ്ടിക്കാണിക്കുന്നതിനുപകരം അല്പംകൂടി നാടകീയത കൊണ്ടുവന്നാൽ നന്നാകുമെന്നാണ് അവർ അഭിപ്രായപ്പെട്ടത്. അങ്ങനെ മാറ്റിയെഴുതിയ സീനാണ് ഇന്നുനിങ്ങൾ കാണുന്നത് ’’
പ്രദർശനത്തിനെത്തുന്ന അഞ്ചാംഭാഗത്തെക്കുറിച്ച് അവകാശവാദങ്ങളൊന്നുമില്ലെന്ന് സംവിധായകൻ കെ. മധു പറഞ്ഞു. ‘‘മറ്റു സിനിമചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി ആളുകൾ ഇഷ്ടപ്പെടുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നൊരു ചിത്രം മികച്ചരീതിയിൽ നൽകുക എന്ന ഉത്തരവാദിത്വമാണ് സി.ബി.ഐ. കഥയുമായി വരുമ്പോൾ നേരിടുന്നത്. മുൻ സി.ബി.ഐ. സിനിമകളെല്ലാം ചിത്രീകരിക്കുമ്പോൾ പുലർത്തിയ രഹസ്യസ്വഭാവം അഞ്ചാംഭാഗത്തിലും നിലനിർത്തിയിട്ടുണ്ട്. സോഷ്യൽമീഡിയ ശക്തമായ കാലമായതിനാൽ ക്ലൈമാക്‌സ് ചിത്രീകരണമെല്ലാം കൂടുതൽ ശ്രദ്ധയോടെയാണ് നടത്തിയത്. ആദ്യനാലുഭാഗങ്ങളുടെയും ഫൈനൽ പ്രിന്റ് കണ്ടുകഴിഞ്ഞപ്പോൾ എസ്.എൻ. സ്വാമി എന്റെ തോളിൽ തട്ടിയിരുന്നു. അത് ഇത്തവണയും ആവർത്തിച്ചു. അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു അത്. അഞ്ചാംഭാഗത്തിന് ലഭിച്ച ആദ്യ കൈയടിയായി ഞാനതിനെ കാണുന്നു’’
സേതുരാമയ്യരുടെ അഞ്ചാംവരവ് ചരിത്രമായിമാറുകയാണ്.., സിനിമയുടെ അണിയറവിശേഷങ്ങൾ
പങ്കു​െവച്ച് സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ
എന്നിവർ സംസാരിക്കുന്നു
പി. പ്രജിത്ത്
ഒരേ നായകനും സംവിധായകനും രചയിതാവും ചേർന്ന് ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുക്കുക എന്നത് ലോകസിനിമയിൽ തന്നെ അപൂർവമായ കാര്യമാണ്