‘ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല, രാവിലെ വന്ന് വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് നോക്കുക’: രസകരമായ അനുഭവം പറഞ്ഞ് ജയറാം

മലയാളികളുടെ പ്രിയതാരമാണ് ജയറാം. മലയാളത്തിന് പുറമെ, തമിഴിലും തെലുങ്കിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ താരത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതി നേടാനായി. പ്രേക്ഷകരെ നര്‍മബോധം കൊണ്ട് ചിരിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍…

മലയാളികളുടെ പ്രിയതാരമാണ് ജയറാം. മലയാളത്തിന് പുറമെ, തമിഴിലും തെലുങ്കിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ താരത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രീതി നേടാനായി. പ്രേക്ഷകരെ നര്‍മബോധം കൊണ്ട് ചിരിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ജയറാം സമ്മാനിച്ചിട്ടുണ്ട്. അപരന്‍, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങി ജയറാമിന്റെ ആദ്യകാല ചിത്രങ്ങള്‍ എല്ലാം മലയാളികളുടെ മനസില്‍ ഇന്നും തങ്ങിനില്‍ക്കുന്നവയാണ്.

മലയാളത്തിലെ മികച്ച സംവിധായകരുടെയും എഴുത്തുകാരുടെയും സിനിമയുടെ ഭാഗമാകാന്‍ ജയറാമിന് കഴിഞ്ഞിട്ടുണ്ട്്. അത് തന്നെയാണ് അദ്ദേഹത്തിന്റെ കരിയറില്‍ ഇത്രയധികം മികച്ച ചിത്രങ്ങള്‍ ഉണ്ടാകാന്‍ കാരണവും. ഇപ്പോള്‍ മലയാള സിനിമയേക്കാള്‍ മികവുറ്റ പല വേഷങ്ങളും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനാണ് ഇനി ജയറാമിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായ് അടക്കം ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖര്‍ അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തില്‍ ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓര്‍മ്മകളും മണിരത്‌നവുമായി ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും ഒക്കെ പങ്കുവെക്കുകയാണ് ജയറാം.

‘മണിരത്‌നം സര്‍ ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതില്‍ തന്നെയായിരിക്കും. അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫീസില്‍ വിളിച്ച് വരുത്തിയപ്പോള്‍ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോള്‍ മെലിഞ്ഞിരിക്കുകയാണ്. നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുമ്പ് ശരിയാക്കണമെന്ന് പറഞ്ഞു. ഞാന്‍ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്ന് വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്നം’ എന്നായിരുന്നു ജയറാമിന്റെ വാക്കുകള്‍.

സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാര്‍ത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യുമായിരുന്നു. എന്നാല്‍ തനിക്ക് മാത്രം കഴിക്കാനായി മണിരത്‌നം സാര്‍ ഭക്ഷണം നല്‍കുമായിരുന്നു. തനിക്ക് വയര്‍ വേണമെന്നതാണ് അതിന് കാരണമെന്നും അവര്‍ക്ക് വയര്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നതാണ് കാരണമെന്നും ജയറാം വ്യക്തമാക്കി.