‘ഒരു അവാര്‍ഡ് കിട്ടിയതുപോലെ ആണ് അത് കേട്ടപ്പോള്‍ തോന്നിയത്’ 40കാരി 60കാരി ആയപ്പോള്‍

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തിയ മലയന്‍ കുഞ്ഞ് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഫഹദിന്റെ കഥാപാത്രമായ അനിക്കുട്ടന്റെ അമ്മയായെത്തിയത് നാടകരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ജയ…

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തിയ മലയന്‍ കുഞ്ഞ് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഫഹദിന്റെ കഥാപാത്രമായ അനിക്കുട്ടന്റെ അമ്മയായെത്തിയത് നാടകരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ജയ കുറുപ്പാണ്. നാല്‍പതു വയസ്സ് കഴിഞ്ഞ നടി അറുപതിനടുത്ത അമ്മയുടെ ശരീര ഭാഷ നിലനിര്‍ത്താന്‍ പാടുപെട്ടെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിനിമയില്‍ പുതുമുഖമായ ജയ കുറുപ്പ് മലയന്‍കുഞ്ഞിന്റെ ഭാഗമാക്കിയവരോട് നന്ദി പറയുകയാണ്. ഇത്രയും വലിയൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച സജി സാര്‍, മഹേഷ് സാര്‍ എന്നിവരെയാണ് ഈ അവസരത്തില്‍ എനിക്ക് നന്ദിയോടെ ഓര്‍ക്കാനുള്ളത്. എന്റെ കുടുംബത്തിനു നന്ദി.

അവരാണ് എന്റെ തണല്‍, അവരാണ് എന്നിലെ കലാകാരിയെ താങ്ങി നിര്‍ത്തുന്ന നെടുംതൂണ്‍. ആര്‍ജെ ശാലിനി ആണ് എന്നെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യണം എന്ന് പറഞ്ഞത്. ഫഹദ് ഫാസില്‍, ഫാസില്‍ സാര്‍ എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

‘അമ്മയായി അഭിനയിച്ചവര്‍ സ്വാഭാവികമായി നന്നായി അഭിനയിച്ചു’ എന്ന് ഫാസില്‍ സര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടു. ഒരു അവാര്‍ഡ് കിട്ടിയതുപോലെ ആണ് അത് കേട്ടപ്പോള്‍ തോന്നിയത്. പൂജയ്ക്ക് വന്നപ്പോള്‍ ഫാസില്‍ സാറിനെ കാണാന്‍ സാധിച്ചു, പൂജയ്ക്ക് എന്നെക്കൊണ്ട് ഒരു തിരി തെളിച്ചിരുന്നു.

ഒരു തുടക്കക്കാരിക്ക് കിട്ടാനുള്ളതില്‍ കൂടുതല്‍ പരിഗണന എനിക്ക് ലഭിച്ചു. മലയന്‍ കുഞ്ഞിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും താരം പറയുന്നു.