‘കൊച്ചു കുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞു’ ; അനുഭവം പങ്കുവെച്ച് ജയറാം 

നടൻ മമ്മൂട്ടിയുടെ കർക്കശ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്കുൾപ്പെടെ അറിയുന്ന കാര്യമാണ്. എന്നാൽ അതുപോലെ തന്നെ വളരെ സെൻസിറ്റീവായ വ്യക്തിയുമാണ് അദ്ദേഹം എന്നാണ് അടുത്തറിയുന്നവർ പറയാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു സംഭവത്തെ കുറിച്ച് മുൻപൊരിക്കൽ നടൻ ജയറാം…

നടൻ മമ്മൂട്ടിയുടെ കർക്കശ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്കുൾപ്പെടെ അറിയുന്ന കാര്യമാണ്. എന്നാൽ അതുപോലെ തന്നെ വളരെ സെൻസിറ്റീവായ വ്യക്തിയുമാണ് അദ്ദേഹം എന്നാണ് അടുത്തറിയുന്നവർ പറയാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു സംഭവത്തെ കുറിച്ച് മുൻപൊരിക്കൽ നടൻ ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ ഷൂട്ടിന് ശേഷം മമ്മൂട്ടി പൊട്ടിക്കരഞ്ഞതിനെ കുറിച്ചാണ് ജയറാം പറയുന്നത്. “മമ്മൂക്ക ഭയങ്കര സെൻസിറ്റീവ് ആണ്. അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാണ്. സത്യൻ അന്തിക്കാടിന്റെ അർത്ഥം എന്നൊരു സിനിമയുണ്ട്. അതിൽ ഞാൻ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാൻ പോകുമ്പോൾ മമ്മൂട്ടി എന്നെ വന്ന് രക്ഷപ്പെടുത്തുന്ന ഒരു സീനുണ്ട്. ഇന്നൊക്കെ ആണെങ്കിൽ അത് ഗ്രീൻ മാറ്റ് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്യാം. അന്നത് റിയൽ ആയി തന്നെ എടുക്കണം. അല്ലാതെ എടുക്കാനുള്ള സൗകര്യങ്ങൾ കുറവാണ്.

അങ്ങനെ സത്യൻ അന്തിക്കാടും എല്ലാവരും കൂടെ പ്ലാൻ ചെയ്തു. കൊല്ലം-ചെങ്കോട്ട-കൊട്ടാരക്കര റൂട്ടിൽ രാത്രി ഏഴ് മണിക്ക് ഒരു ട്രെയിൻ ഉണ്ട്. ഏകദേശം ഏഴ് മണിക്കാണ് ആ ട്രെയിൻ. ആ ട്രെയിൻ പാസ് ചെയ്യുന്ന സമയത്ത് എടുക്കാം എന്ന് തീരുമാനിച്ചു. ഉച്ചക്ക് തന്നെ എല്ലാവരും അവിടെ എത്തി. ഷൂട്ടിങ് നടക്കുന്നത് അറിഞ്ഞ് മമ്മൂക്കയെ കാണാൻ ലക്ഷക്കണക്കിന് ജനങ്ങളാണ് അവിടെ തടിച്ചു കൂടിയത്. അവരെയൊക്കെ ഒരു വിധം മാറ്റി നിർത്തി ഷൂട്ടിനുള്ള ഒരുക്കങ്ങൾ നടത്തി. വൈകുന്നേരമാണ് ഷൂട്ട്. മമ്മൂട്ടി എത്തി, സത്യൻ അന്തിക്കാട് പറഞ്ഞു, ‘ജയറാം കിടക്കുകയാണ്. പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി, ഫുൾ സ്ട്രഗിൾ നടക്കുമ്പോൾ ആണ് ട്രെയിൻ വരിക. തൊട്ടടുത്ത് ട്രെയിൻ എത്തുമ്പോൾ ചാടണം. മൂന്ന് നാല് ക്യമറകൾ വെച്ചിട്ടുണ്ട്’. ‘മമ്മൂക്ക എന്റെ ജീവൻ നിങ്ങളുടെ കയ്യിലാണ്. എനിക്കിത് കാണാൻ കഴിയില്ല. എന്നെ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ എന്റെ പരിപാടി തീരുമെന്ന്’ ഞാൻ പറഞ്ഞു. അതൊന്നുമില്ല, അതൊക്കെ ഞാൻ മാറ്റിക്കോളാം’ എന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിന്റെ കാര്യം എൻജിൻ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലൊക്കേഷനിൽ വന്നിരുന്നു. ‘മിസ്റ്റർ മമ്മൂട്ടി, ഇത് രാത്രി ആയത് കൊണ്ട് ട്രെയിനിന്റെ ഹെഡ് ലൈറ്റ് മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയു,

അത് എത്ര ദൂരെ ആണെന്ന് നിങ്ങൾക്ക് ചിലപ്പോൾ കാൽകുലേറ്റ് ചെയ്യാൻ സാധിക്കില്ല. ശബ്ദവും പാലത്തിന്റെ ഞെരുക്കവും ഒക്കെ ഉണ്ടാകും. നിങ്ങൾ ഉദ്ദേശിക്കുന്ന സമയത്തേക്കാൾ നേരത്തെ ഇത് പാഞ്ഞ് പോയേക്കും’ എന്നൊക്കെ പറഞ്ഞു. മമ്മൂക്കയ്ക്ക് ടെൻഷൻ ആവാൻ തുടങ്ങി. അത്രയും നേരം ഞാൻ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞ് നിന്ന മമ്മൂട്ടി ഷൂട്ടിന് അരമണിക്കൂർ മുൻപ് വിറയ്ക്കാൻ തുടങ്ങി. ട്രെയിൻ വരാൻ അരമണിക്കൂർ കൂടി റെഡി ആയിക്കോളൂ എന്ന് സത്യേട്ടൻ പറയുമ്പോൾ പാവത്തിന്റെ കൈ വിറയ്ക്കുകയാണ്. ഞാൻ പതിയെ വിളിച്ചു. ‘ഏയ്… ഒന്നുമില്ലടാ. നീ നോക്കി നിന്നോളണം’ എന്ന് പറഞ്ഞു. എന്നിട്ട് ആദ്യമായി അഭിനയിക്കാൻ വന്നൊരാളെ പോലെ വിറച്ചു കൊണ്ട് നില്പായിരുന്നു. അവസാനം ഷൂട്ട് ആയി. ട്രെയിൻ വന്നു. തൊട്ടടുത്ത് എത്തിയപ്പോൾ എന്നെയും കൊണ്ട് അദ്ദേഹം ചാടി. ഫ്രാക്ഷൻ ഓഫ് സെക്കൻഡിൽ ട്രെയിൻ പാസും ചെയ്തു. ഇപ്പോഴും അത് ആ സിനിമയിൽ കാണാം. അത് അദ്ദേഹത്തിന്റെ ടൈമിംഗിന്റെ ഗുണമാണ്. ആളുകളെല്ലാം കൈയ്യടിച്ചു. അത് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ഈ പാവം കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരയുകയാണ്. ടെൻഷൻ കയറിയിട്ടാണ്. അതാണ് അദ്ദേഹത്തിന്റെ മനസ്, എന്നാണ്- ജയറാം പറഞ്ഞത്.