ഞാന്‍ ഭയപ്പെടുന്നു…കലാകാരന്മാര്‍ കലയുടെ പേരില്‍ ജയിലിലാകാന്‍ സാധ്യതയുണ്ട്-ജിയോ ബേബി

മലയാളത്തില്‍ ഹിറ്റുകളൊരുക്കിയ പ്രിയ സംവിധായകനാണ് ജിയോ ബേബി. സുരാജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ കാതല്‍- ദ കോറും ജിയോയൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ…

മലയാളത്തില്‍ ഹിറ്റുകളൊരുക്കിയ പ്രിയ സംവിധായകനാണ് ജിയോ ബേബി. സുരാജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ കാതല്‍- ദ കോറും ജിയോയൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നേരെ നടക്കുന്ന സെന്‍സറിങ്ങിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ജിയോ ബേബി. സിനിമയുടെ മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്ന ഒന്നാണെന്നും ജിയോ ബേബി ചൂണ്ടികാട്ടുന്നു.

അടുത്തിടെ ഒടിടിയിലെത്തിയ ഒരു സിനിമ പിന്‍വലിക്കേണ്ടി വന്നിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് ചിത്രം പിന്‍വലിക്കേണ്ടി വന്നത്. ഞങ്ങള്‍ കുറ്റകൃത്യമോ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് അവര്‍ സ്വയം അംഗീകരിക്കുകയാണെന്നും ജിയോ പറയുന്നു.

ഈ സെന്‍സറിങ് സിനിമയ്‌ക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ല. ഇത്തരത്തിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ വേണ്ടി പുതിയ പ്ലാറ്റ്ഫോമുകള്‍ കണ്ടെത്തണം. ചില സമയങ്ങളില്‍ ഒരുപാട് കലാകാരന്മാര്‍ അവരുടെ കലയുടെ പേരില്‍ ജയിലിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍ നമ്മള്‍ ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ ഇതില്‍ വിജയിക്കും. കലയില്‍ പ്രതീക്ഷയുണ്ടെന്നും ജിയോ വ്യക്തമാക്കി.

മമ്മൂട്ടി ചിത്രം കാതല്‍ ആണ് ജിയോയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന് പിന്നാലെ ജിയോ രൂക്ഷമായ സൈബര്‍ ആക്രമണത്തിനിരയായിരുന്നു. കാതല്‍ ദ കോര്‍ സ്വവര്‍ഗ്ഗാനുരാഗിയായ മാത്യുവിന്റെ കഥയാണ് പറഞ്ഞത്. സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായ തന്റെ ലൈംഗികത അടിച്ചമര്‍ത്തി ജീവിക്കേണ്ടി വന്നയാളാണ് മാത്യു ദേവസ്സി.