മംഗലശ്ശേരി നീലകണ്ഠനും അറയ്ക്കല്‍ മാധവനുണ്ണിയുമെല്ലാം മീശ പിരിച്ചിറങ്ങി വന്ന തറവാട്ടില്‍ നിഗൂഢതയുമായി കൊടുമണ്‍ പോറ്റിയും!! കൊടുമണ്‍ മനയൊരുക്കിയതിനെ കുറിച്ച് ജ്യോതിഷ്

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഭ്രമയുഗം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. കൊടുമണ്‍ പോറ്റിയുടെ ഇല്ലമാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. മലയാളിയുടെ പ്രിയപ്പെട്ട വരിക്കാശ്ശേരി മനയും ഒളപ്പമണ്ണമനയും തന്നെയാണ് കൊടുമണ്‍ പോറ്റിയുടെ…

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഭ്രമയുഗം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. കൊടുമണ്‍ പോറ്റിയുടെ ഇല്ലമാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. മലയാളിയുടെ പ്രിയപ്പെട്ട വരിക്കാശ്ശേരി മനയും ഒളപ്പമണ്ണമനയും തന്നെയാണ് കൊടുമണ്‍ പോറ്റിയുടെ വന്യവും നിഗൂതയും നിറഞ്ഞ ഇല്ലമാക്കി മാറ്റിയത്. കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ കൊടുമണ്‍ പോറ്റിയുടെ മനയെ സൃഷ്ടിച്ചെടുത്തതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ്.

മംഗലശ്ശേരി നീലകണ്ഠനും (ദേവാസുരം), ഇന്ദുചൂഡനും (നരസിംഹം), അറയ്ക്കല്‍ മാധവനുണ്ണിയുമെല്ലാം (വല്യേട്ടന്‍) മീശ പിരിച്ചിറങ്ങി വന്ന തറവാട് വന്യവും നിഗൂഢവുമായ മനയായിട്ടാണ് ഭ്രമയുഗത്തില്‍ അവതരിപ്പിച്ചത്. കാടുകയറിയ മനയുടെ ദുരൂഹത മുന്‍നിര്‍ത്തി സിദ്ധാര്‍ഥ് ഭരതന്റെ കഥാപാത്രം പറയുന്നത്

മായന്നൂര്‍ തച്ചന്‍ പണിതതാണെന്നും പലര്‍ക്കും പലതായി തോന്നുമെന്നും വഴികള്‍ വഴിതെറ്റിക്കുമെന്നുമെല്ലാമാണ്. കൊടുമണ്‍ പോറ്റിയുടെ കൊലച്ചിരി കാഴ്ചക്കാരന്റെ നെഞ്ചില്‍ തറയ്ക്കുന്നതിന്റെ കാരണം അയാള്‍ നില്‍ക്കുന്ന ഭൂമികയാണ്. കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണ് അവര്‍ നില്‍ക്കുന്ന തട്ടകം.

സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആദ്യം തന്നെ വിളിക്കുന്നത് ഭൂതകാലം എന്ന സിനിമയ്ക്കുവേണ്ടിയാണ്. പക്ഷേ അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പറ്റിയില്ല. പിന്നീടാണ് ഭ്രമയുഗത്തിലേക്ക് എത്തിയത്. രാഹുല്‍ രണ്ടുമണിക്കൂര്‍ എടുത്ത് വളരെ വിശദീകരിച്ച് കഥ അവതരിപ്പിച്ചു. കേട്ടു കഴിഞ്ഞ ഉടനെ നമ്മളിത് ചെയ്യുന്നു എന്ന് പറഞ്ഞ് കൈകൊടുത്തു.

കാരണം, എന്റെ മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള സിനിമയാണിതെന്ന് ആദ്യ കേള്‍വിയില്‍ തന്നെ മനസ്സിലായി. കഴിഞ്ഞവര്‍ഷം തുടക്കംമുതല്‍ ഞങ്ങള്‍ ഭ്രമയുഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുതുടങ്ങി ആറുമാസം മുന്‍പേ മുന്നൊരുക്കങ്ങള്‍ നടത്തി. രണ്ടുമാസമായിരുന്നു ചിത്രീകരണം.

നിരവധി മലയാള സിനിമകളില്‍ പഴയ കാലത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് എന്ത് വ്യത്യസ്തമായി ചെയ്യാമെന്നായിരുന്നു ആദ്യം മുതല്‍ ചിന്തിച്ചത്. മനയായിരുന്നു കഥയുടെ പ്രധാന വിഷയം തന്നെ. നിരവധി തവണ കണ്ടിട്ടുള്ള വരിക്കാശ്ശേരിമനയും ഒളപ്പമണ്ണമനയെയും പുതിയ കാഴ്ചയായി അവതരിപ്പിക്കണം. പ്രേക്ഷകര്‍ക്ക് തിരിച്ചറിയാത്തവിധം ഒളപ്പമണ്ണമനയെയും വരിക്കാശ്ശേരിമനയെയും മാറ്റുകയായിരുന്നു വലിയ ഉദ്യമം.

നിരവധി ഗവേഷണങ്ങളിലൂടെ മിനിയേച്ചര്‍ തയ്യാറാക്കി. സീനുകളില്‍ വരേണ്ട എല്ലാകാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. കാടുകയറി ഇടിഞ്ഞുവീഴാറായ മന കഥയ്ക്കനുയോജ്യമായി സൃഷ്ടിച്ചെടുത്തു. ഗ്രോബാഗില്‍ പുല്ലുകള്‍ കൊണ്ടുവന്ന് വളര്‍ത്തി കാടിന്റെ പശ്ചാത്തലമാക്കി. ചിലന്തിവലകളും ചിതല്‍പ്പുറ്റുകളുമെല്ലാം തിരക്കഥയിലുള്ളപോലെ തന്നെ സൃഷ്ടിച്ചു. മനയ്ക്കകത്തെല്ലാം അസ്വസ്ഥതനിറയ്ക്കുന്ന പലതരം വസ്തുക്കള്‍ അടുക്കുംചിട്ടയുമില്ലാതെ കിടന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും മുറ്റത്ത് കൂട്ടിയിട്ട മുളച്ച തേങ്ങാക്കൂട്ടവുമെല്ലാം പ്രധാനപ്പെട്ടതായിരുന്നു.

രണ്ടാഴ്ചകൊണ്ടാണ് നൂറിലധികം പേരടങ്ങുന്ന സംഘം കൊടുമണ്‍മനയുണ്ടാക്കിയത്. മമ്മൂക്ക കസേര വലിച്ചിട്ടിരിക്കുന്ന പൂമുഖം ഒളപ്പമണ്ണമനയുടേതാണ്. നടുമുറ്റവും അടുക്കളയുമെല്ലാം ഉള്‍പ്പെടെയുള്ള അകത്തളങ്ങള്‍ വരിക്കാശ്ശേരി മനയുടേതുമാണ്. ക്ഷയിച്ച് ചോര്‍ന്നൊലിക്കുന്ന മനയും നിലംപൊത്താറായ പടിപ്പുരയും ദുര്‍മന്ത്രവാദത്തിനുള്ള അന്തരീക്ഷവുമെല്ലാം ഒരുക്കിയെടുത്തു. നിരവധി ചിത്രങ്ങളില്‍ മനകള്‍ വന്നിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തവിധം മനയെ മാറ്റിക്കളഞ്ഞുവെന്ന് മമ്മൂക്ക തന്നെ പറഞ്ഞു.