മലയാള സിനിമ മറന്ന മുഖം ഇന്ന് കെ ആർ വിജയയുടെ ജന്മദിനം.

1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു. അച്ഛൻ രാമചന്ദ്രൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പൂങ്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂളിലായിരുന്നു ദേവനായകിയുടെ പ്രാഥമിക വിദ്യാഭ്യാസം. പട്ടാളത്തിൽ നിന്നും വിരമിച്ചശേഷം എം ആർ രാധയുടെ നാടകട്രൂപ്പിൽ ചേർന്ന് അഭിനയിയ്ക്കുകയായിരുന്ന അച്ഛൻ രാമചന്ദ്രന് മകൾ ദേവനായകിയെ ഒരു അഭിനേത്രിയാക്കാനായിരുന്നു ആഗ്രഹം. നാടകത്തില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.

തുടര്‍ന്നു പരസ്യങ്ങള്‍ക്കു് മോഡലായി. ഒരു കലണ്ടറിനു വേണ്ടി മോഡലായതാണ് വിജയയെ സിനിമയിലെത്തിച്ചത്. വിജയ മോഡലായ കലണ്ടര്‍ തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കെ എസ് ഗോപാലകൃഷ്ണന്‍ കണ്ടു. വിജയയെ ഇഷ്ടമായ ഗോപാലകൃഷ്ണന്‍ അടുത്ത ചിത്രമായ കർപ്പകം എന്ന തമിഴ് ചിത്രത്തില്‍ അവരെ നായികയാക്കി. താമസിയാതെ തെന്നിന്ത്യയിലെ മുൻനിര നായികയായി കെ ആർ വിജയ വളർന്നു. കാൽപ്പാടുകൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 1962 ലാണ് കെ ആർ വിജയ മലയാള സിനിമയിലേയ്ക്കെത്തുന്നത്. ആദ്യകിരണങ്ങൾ/ശകുന്തള/അനാർക്കലി/ കൊടുങ്ങല്ലൂരമ്മ/നഖങ്ങൾ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച ഇവർ എഴുപതോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

എൻ ടി ആർ/ശിവാജി ഗണേശൻ/എം ജി ആർ/ സത്യൻ/പ്രേംനസീർ/മധു എന്നിങ്ങനെ അക്കാലത്തെ മുൻനിര നായികമാരുടെയെല്ലാം നായികയായിരുന്നു കെ ആർ വിജയ. കെ ആർ വിജയയുടെ സഹോദരിമാരായിരുന്ന കെ ആർ സാവിത്രിയും/ കെ ആർ വത്സലയും സിനിമാതാരങ്ങളായിരുന്നു. 1966 ൽ ബിസിനസ്സുകാരനായ വേലായുധനെ കെ ആർ വിജയ വിവാഹം ചെയ്തു. ഭർത്താവിന്റെ അസുഖത്തെത്തുടർന്ന് 1994 ൽ അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിടപറഞ്ഞ കെ ആർ വിജയ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 2017 ൽ ടെലിവിഷൻ പരമ്പരകളിലഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. തമിഴ്/തെലുങ്ക്/മലയാളം/ കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.