‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’ കെ സുരേന്ദ്രന്‍

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമയെന്നാണ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.
രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാ?ഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോളിന്റെ കടാവാറിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാളികപ്പുറം.

കാവ്യാ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നാരായണനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് രഞ്ജിന്‍ രാജാണ്. ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത് സന്തോഷ് വര്‍മ്മയും ബികെ ഹരിനാരായണനുമാണ്.