വെളിച്ചത്തിറങ്ങിയാല്‍ അംഗീകരിക്കപ്പെടാന്‍ ഏറെ പ്രയാസമുള്ള ഒന്നുണ്ട് – വ്യത്യസ്തത, കനകം കാമിനി കലഹത്തെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകം കാമിനി കലഹം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നതെങ്കിലും രണ്ടരമണിക്കൂര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കാണാന്‍ സാധിക്കുന്ന ചിത്രമാണിത്.…

നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകം കാമിനി കലഹം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നതെങ്കിലും രണ്ടരമണിക്കൂര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കാണാന്‍ സാധിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്‍ പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത്.

കനകം കാമിനി കലഹം

പുറമെ ആവശ്യക്കാര്‍ നിരവധിയെന്ന് തോന്നാമെങ്കിലും വെളിച്ചത്തിറങ്ങിയാല്‍ അംഗീകരിക്കപ്പെടാന്‍ ഏറെ പ്രയാസമുള്ള ഒന്നുണ്ട് -വ്യത്യസ്തത!..


അവതരണ /ആഖ്യാന രീതിയിലെ പരീക്ഷണ സ്വഭാവം കൊണ്ട് അത്തരത്തില്‍ വ്യത്യസ്തത അവകാശപ്പെടാന്‍ കഴിയുന്ന സിനിമയാണ് രതീഷ് ബാലകൃഷ്ണ ‘പൊതുവാളിന്റെ’ കനകം കാമിനി കലഹം. മനുഷ്യ ചരിത്രത്തിലുടനീളം പരന്നു കിടക്കുന്ന അതിവിശാലമായ ക്യാന്‍വാസാണ് wealth, woman and war. കഥാതന്തുവിനോ ചുറ്റുപാടുകള്‍ക്കോ പ്രത്യക്ഷത്തില്‍ ഈ ചരിത്രഭൂമിയോട് ബന്ധമൊന്നുമില്ലെങ്കില്‍ തന്നെയും ഈ ചിത്രം സംവദിക്കുന്ന ആശയങ്ങളെന്തൊക്കെയാവാം എന്ന കൗതുകം, ‘കനകം കാമിനി കലഹം ‘എന്ന തലക്കെട്ടിനു തന്നെ നല്‍കാനായിട്ടുണ്ട്.
നാടക അനൗണ്‍സ്മെന്റിനെ ഓര്‍മ്മിപ്പിക്കും വിധമുള്ള തുടക്കവും ജാതിവാല് പറഞ്ഞുള്ള സംവിധായകന്റെ സ്വയം കൊട്ടും ആദ്യ നിമിഷങ്ങളില്‍ പ്രേക്ഷകന് സമ്മാനിക്കുന്നത് കൗതുകമെങ്കില്‍ ‘സാറെ, ബേസിക്കലി മനുഷ്യന്‍ ഒരു പോളിഗാമിസ്‌റ് ആണെന്ന് ‘ yuval noah യെ ഉദ്ധരിക്കുന്ന മനാഫില്‍ എത്തുമ്പോള്‍ അത് വലിയ പ്രതീക്ഷയിലേയ്ക്ക് നീങ്ങുന്നു. പിന്നീടിങ്ങോട്ട് ബോഡി ഷെയിമിംഗ്, നെപോട്ടിസം, ജാതിയത, ഫെമിനിസം, ന്യൂനപക്ഷം, ഐഡന്റിറ്റി ക്രൈസിസ് തുടങ്ങി കുറെയേറെ പൊളിറ്റിക്കല്‍ സ്റ്റെറ്റ്‌മെന്റ്‌സിനെ നര്‍മ്മ രസത്തിലൂടെ ലളിതമായി പറഞ്ഞു പോവുന്നിടത്തൊക്കെ അവതരണ രീതി മികവാര്‍ന്നതെന്ന് പറയാതെ വയ്യ.
ആശയ വിനിമയവും സംവേദനവും നടക്കുന്നിടത്തൊക്കെ കാണപ്പെടുന്ന വിവിധ മനുഷ്യ രൂപങ്ങളുടെ ഒരു പ്രതിനിധി സമ്മേളനമാണ് ഹോട്ടല്‍ ഹില്‍ടോപ്പില്‍ നടക്കുന്നതെന്ന് തോന്നാം. കലാകാരന്മാര്‍, എഴുത്തുകാരന്‍, ഉപദേശം നല്‍കുന്നവര്‍, മദ്യപാനി തുടങ്ങി വ്യവസ്ഥിതിയുടെ പലയറ്റങ്ങള്‍. ഇതിനിടയില്‍ ഫ്‌ലഷ് ടാങ്ക് പ്രവൃത്തിക്കാത്തത് മൂലം അടിസ്ഥാനാവശ്യം നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്നവരും സദാചാരം കിടക്കയില്‍ ‘അരയന്ന തടസ്സം ‘ സൃഷ്ടിക്കുന്നതില്‍ പരാതിപ്പെടുന്നവരും മറ്റൊരു വിഭാഗം. ഇത്തരം വയനകള്‍ക്കുള്ള വലിയ സ്‌പേസ് ഈ ചിത്രം നല്‍കുന്നു.
കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങള്‍ക്കുള്ള കാര്യവും കാരണവുമായി ‘scare free ‘എന്ന് പേരിട്ടൊരു പൊതി സംവിധായകന്‍ ബാഗിലിട്ടതും യാദൃശ്ചികമാകാന്‍ തരമില്ല.
അവിടിവിടങ്ങളിലായി മുഷിപ്പിക്കുകയും പലയിടങ്ങളിലായി രസിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറച്ചേറെ കാഴ്ചകള്‍ ‘ക കാ ക ‘ നല്‍കുന്നു.
രണ്ടര മണിക്കൂറിനിടയില്‍ പൊട്ടിച്ചിരിപ്പിച്ച നിമിഷങ്ങള്‍ വിരളമായിരുന്നുവെങ്കിലും ആദ്യന്തം ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരി ഈ സിനിമ ആസ്വാദ്യകരമായിരുന്നു എന്ന് തന്നെ പറയുന്നു.