ആശുപത്രിയുടെ പരസ്യം ചെയ്യുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

ലോക്ക്ഡൗണ്‍ സമയത്ത്, എണ്ണമറ്റ ആളുകളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് ശേഷം സോനു സൂദ് ഒരു ദേശീയ നായകനായി മാറിയിരിക്കുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇപ്പോള്‍ മറ്റൊരു മാതൃകാപരമായ പ്രവൃത്തി…

ലോക്ക്ഡൗണ്‍ സമയത്ത്, എണ്ണമറ്റ ആളുകളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് ശേഷം സോനു സൂദ് ഒരു ദേശീയ നായകനായി മാറിയിരിക്കുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇപ്പോള്‍ മറ്റൊരു മാതൃകാപരമായ പ്രവൃത്തി ചെയ്തിരിക്കുകയാണ്. പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാവാത്ത 50 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്താല്‍ പരസ്യത്തില്‍ സഹകരിക്കാമെന്നാണ് സോനു സൂദ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ‘ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ എന്നാണ് സോസു സൂദ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് വയനാടിലെ കുട്ടികളേയും സഹായിച്ചിരുന്നു നടന്‍. വയനാട് ജില്ലയിലെ തിരുനെല്ലിയില്‍ നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടുകളുളള സ്ഥലങ്ങളില്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തത് കാരണം കുട്ടികളില്‍ പലരും കിലോമീറ്ററുകളോളം താണ്ടി നെറ്റ്വര്‍ക്ക് ഉളള സ്ഥലങ്ങളിലേക്ക് എത്തിയാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്.

ഇവിടേക്ക് എത്തുന്ന കുട്ടികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒരു ഷെഡിലിരുന്നാണ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്. ഇത് വാര്‍ത്തയായതോടെ സോനു സൂദ് ട്വിറ്ററില്‍ സഹായം പ്രഖ്യാപിച്ച് രംഗത്ത് എത്തുകയായിരുന്നു. ആര്‍ക്കും പഠനം നഷ്ടമാകില്ലെന്നും താന്‍ വയനാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ടീമിനെ അയക്കുകയാണ് എന്നുമായിരുന്നു സോനു സൂദ് അറിയിച്ചത്.