പ്രതിഫലം കുത്തനെ ഉയര്‍ത്തി അഭിനേതാക്കള്‍..!! തനിക്ക് മടുത്തെന്ന് കരണ്‍ ജോഹര്‍!

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നിര്‍മ്മാതാവും സംവിധായകനും ആണ് കരണ്‍ ജോഹര്‍. ഒരുപാട് കലാകാരന്മാരെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താനും ഇദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കരണ്‍ രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിഫലം ക്രമാതീതമായി ഉയര്‍ത്തുന്ന അഭിനേതാക്കള്‍ക്കെതിരെ ആണ് കരണറിന്റെ വിമര്‍ശനം. പ്രധാനമായും പുതുമുഖ താരങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

തനിക്ക് ശരിക്കും മടുത്തു എന്നാണ് കരണ്‍ ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരമൂല്യമില്ലാത്ത അഭിനേതാക്കള്‍ പോലും പ്രതിഫലം ഉയര്‍ത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ വളരെ ശ്രമകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ചിലര്‍ പ്രതിഫലം ക്രമാതീതമായി ഉയര്‍ത്തുന്നു. ഒന്നും തെളിയിച്ചിട്ടില്ലാത്ത താരങ്ങള്‍ അവരുടെ പ്രതിഫലം 30-35 കോടിയായി ഉയര്‍ത്തുന്നു. അവരുടെ സിനിമകള്‍ ബോക്സോഫീസില്‍ വന്‍ പരാജയം ആയാലും ഇതാണ് അവസ്ഥ. എന്താണ് ഈ അക്കങ്ങളെല്ലാം. തനിക്ക് മനസിലാകുന്നില്ല. ഒടുവില്‍ നമ്മള്‍ പറയാന്‍ നിര്‍ബന്ധിതരാവുകയാണ്, ഹലോ, നിങ്ങളുടെ സിനിമ ഇത്രയും മാത്രമാണ് നേടിയത്. വലിയ താരമൂല്യമുള്ള അഭിനേതാക്കളാണ് ഇത് പറയുന്നതെങ്കില്‍ മനസ്സിലാക്കാം.

എന്നാല്‍ ബോക്സോഫീസില്‍ ഒന്നും നേടാനാകാത്തവരാണ് ഇത് പറയുന്നതെങ്കിലോ? സിനിമയെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നവര്‍ ആരാണ്? ചിത്രസംയോജകരും ഛായാഗ്രാഹകരും അടങ്ങുന്ന വലിയ സംഘത്തിന് അതിന്റെ വിജയത്തില്‍ വലിയ പങ്കുണ്ട്. ചില സിനിമകളെ രക്ഷിച്ചെടുക്കുന്നത് പോലും ഇവരാണ്, മറിച്ച് അഭിനേതാവ് മാത്രമല്ല. എന്നാല്‍ അഭിനേതാവിന് 15 കോടി നല്‍കുമ്പോള്‍ ചിത്രസംയോജകന് 55 ലക്ഷം. ഇത് തനിക്ക് മനസിലാകുന്നില്ല. എന്നാല്‍ ഇന്ന് സിനിമാവിപണി പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ് എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ഈ കാരണം കൊണ്ടെല്ലാം തനിക്ക് ഈ മേഖല മടുത്തു എന്നാണ് അദ്ദേഹം പറയുന്നത്.