യഷിന്റെ സഹോദരിയാകാന്‍ ഇല്ല!! ഗീതു മോഹന്‍ദാസിന്റെ ടോക്‌സികില്‍ നിന്ന് കരീന കപൂര്‍ പിന്മാറി

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. കെ.ജി.എഫ് ഫ്രാഞ്ചൈസിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന യഷും ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസും ഒന്നിക്കുമ്പോള്‍ തന്നെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തില്‍ കരീന കപൂറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Kareena Kapoor

എന്നാലിപ്പോള്‍ കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു കരീനയ്ക്ക്. എന്നാല്‍ നേരത്തേ കരാര്‍ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും ടോക്‌സിക്കിന്റെ ഷെഡ്യൂളും ഒരേ സമയം വന്നതോടെ കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ച് പരസ്പര ധാരണയിലെത്തിയ ശേഷമായിരുന്നു പിന്‍മാറ്റമെന്നാണ് പുറത്തുവരുന്നത്.

കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സായ് പല്ലവി, നവാസുദ്ദീന്‍ സിദ്ദിഖി, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. 2022-ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷമുള്ള യഷ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.’ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം 2025 ഏപ്രില്‍ 10-നാണ് ലോകമെമ്പാടും റിലീസ് ചെയ്യുക.