കാതലിന് വിദേശരാജ്യങ്ങളിൽ വിലക്ക്; ചിത്രം മറ്റന്നാൾ തീയറ്ററുകളിലേക്ക്

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ജ്യോതിക നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളിൽ കാതൽ ബാൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ആണ് മമ്മൂട്ടി ചിത്രത്തിന് ബാൻ ഏർപ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവർ പറയുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ബാൻ വന്നിരുന്നു. മോൺസ്റ്ററിന്റെയും  ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. എന്തായാലും സമീപകാലത്ത് വ്യത്യസ്തകള്‍ തേടുന്ന മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നാണ് വിവരം. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തില്‍ ആണ് സിനിമയെ കുറിച്ച് പ്രെസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞതും.    കാതൽ കഥാപാത്രത്തെ കുറിച്ച് ചിലപ്പോൾ പലരും അറിഞ്ഞുകാണുമെന്നും എന്നാൽ അതല്ല സിനിമയെന്നും മമ്മൂട്ടി പറയുന്നു.

കാതൽ സിനിമയുടെ പ്രെസ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു മമ്മൂട്ടി. “കാതലിലെ കഥാപാത്രങ്ങളെല്ലാം പ്രത്യേകത ഉള്ളവരാണ്. അതൊരുപക്ഷേ നിങ്ങളിൽ പലരും അറിഞ്ഞു കാണും. അത്  നിഷേധിക്കുന്നില്ല. പക്ഷേ അതല്ല കഥ. അതിനെ തുടർന്ന് ഉണ്ടാകുന്നതാണ് കഥ. ബാക്കി സിനിമ കണ്ട് തീരുമാനിക്കുന്നതാണ് നല്ലത്. ഇവിടെ അതേപറ്റി പറഞ്ഞാൽ പിന്നെ സിനിമ കാണാനുള്ള ആവേശം പോകും. അത് പ്രേക്ഷകർക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കുറേ കാര്യങ്ങൾ മറച്ചുവയ്ക്കുന്നത്”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.  മലയാള സിനിമ പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാൻ പോവുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.  ചലച്ചിത്ര മേളയ്ക്ക് മുൻപ് കാതത്ത് കോർ തീയറ്ററുകളിൽ എത്തിക്കുന്നതും അത് കൊണ്ട് തന്നെയാണ്. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ഐഎഫ്എഫ്കെയിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. സാധാരണയായി ഫെസ്റ്റിവൽ സ്ക്രീനിങ്ങുകൾ കഴിഞ്ഞതിന് ശേഷമാണ് തിയേറ്റർ റിലീസ് ഉണ്ടാവുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച നന്പകൾ നേരത്ത മയക്കവും അങ്ങനെ തന്നെയായിരുന്നു.

കേരളം രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് എത്തിയ ശേഷമാണ് തീയറ്ററുകളിലേക്ക് എത്തിയത്.   എന്നാൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കാതൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫിലിം ഫെസ്റ്റിവൽ സ്ക്രീനിങ്ങിന് മുൻപ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത മമ്മൂട്ടിയെയാണ് ജിയോ ബേബി പ്രേക്ഷകർക്കായി കാതലിൽ ഒരുക്കിയിരിക്കുന്നത്. കാതൽ ആദ്യം മേളയിൽ പ്രദർശിപ്പിച്ചാൽ സാധാരണ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുൻപ് ഈ സസ്‌പെൻസ് പൊളിയും. ഈ കാരണം മുൻനിർത്തിയാണ് മമ്മൂട്ടി കമ്പനി ഇങ്ങനെയൊരു തീരുമാനമെടുത്തത്.  മമ്മൂട്ടി സ്വവർഗാനുരാഗിയായ ഒരു  കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന് നേരത്തെ തന്നെ ചില  അഭ്യൂഹങ്ങളുണ്ടായയിരുന്നു.  അതുകൊണ്ട് തന്നെ ഫെസ്റ്റിവൽ സ്ക്രീനിങ് ആദ്യം നടന്നാൽ സിനിമയുടെ പ്രമേയം സ്വഭാവികമായും ചർച്ചയാവുകയും സാധാരണ പ്രേക്ഷകർക്ക് ലഭിക്കുന്ന സിനിമാനുഭവം കുറയും എന്ന തോന്നൽ ഉള്ളതുകൊണ്ട് കൂടിയാണ് നവംബർ 23 ന് ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നത്. അന്ന് വൈകുന്നേരം തന്നെയാണ് ഗോവയിൽ ചിത്രത്തിന്റെ ആദ്യ പ്രീമിയർ. .  . മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം  ഐഎഫ്എഫ്കെയിലും പ്രദര്‍ശിപ്പിക്കും.  മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. ഓമന എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്‍റെ പേര്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.  മാത്യൂസ് പുളിക്കന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്.  കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ബസൂക്ക , ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.