Film News

‘മകനെ ഓർത്ത് വിജയ് സന്തോഷിക്കും’ ; ജീവിതം മാറിമറയുന്നു! താരപുത്രനെപ്പറ്റി  പ്രഭുദേവ 

തെന്നിന്ത്യന്‍ നടന്മാർക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഇളയദളപതി വിജയ് ആണ് കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് നടന്‍. താരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തിലുണ്ട്. സിനിമകള്‍ റിലീസിനെത്തുമ്പോള്‍ തമിഴ്‌നാട്ടിലേത് പോലെ ആഘോഷമാണ് കേരളത്തിലും ലഭിക്കാറുള്ളത്. ഏറ്റവുമൊടുവില്‍ ലിയോ എന്ന സിനിമയാണ് വിജയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ലിയോയ്ക്കും വലിയ സ്വീകരണമാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. അതേ സമയം വിജയ് ആരാധകര്‍ക്കും സന്തോഷമുള്ള ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. പിതാവിന് പിന്നാലെ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയും സിനിമയിലേക്ക് തന്നെ ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇക്കാര്യം വിജയ് പറഞ്ഞില്ലെങ്കിലും മറ്റൊരു നടനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിജയ്ക്കും ഭാര്യ സംഗീതയ്ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ ജെയ്‌സണ്‍ ഇതിനകം പ്രേക്ഷകര്‍ക്ക് സുപരിചിതനുമാണ്. വിജയുടെ പോക്കിരി എന്ന സിനിമയില്‍ കിടിലന്‍ ഡാന്‍സ് ചെയ്ത് താരപുത്രന്‍ ആരാധകരുടെ പ്രശംസ നേടിയെടുത്തിരുന്നു. എന്നാല്‍ അഭിനയത്തെക്കാളും സംവിധാനത്തിലേക്ക് തിരിയാനാണ് താരപുത്രന്‍ ആഗ്രഹിച്ചത്.

കന്നട സിനിമയില്‍ നിന്നും സംവിധാനം പഠിച്ച ജെയ്‌സണ്‍ വൈകാതെ തന്റെ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സംവിധാനത്തിലുള്ള അരങ്ങേറ്റത്തിനായി ജെയ്‌സണ്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. പ്രശസ്ത നിര്‍മാണ കമ്പനിയായ ലെയ്ക്കയുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്റെ അരങ്ങേറ്റത്തെ കുറിച്ച് നടന്‍ വിജയ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അതേ സമയം വിജയും മകന്‍ ജെയ്‌സണ്‍ സഞ്ജയും തമ്മില്‍ കാര്യമായ സംഭാഷണങ്ങളൊന്നും ഇല്ലെന്ന തരത്തില്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരപുത്രന്റെ സംവിധാനത്തെ കുറിച്ച് വാര്‍ത്ത വരുന്നത്. നടനും നര്‍ത്തകനും കൊറിയോഗ്രാഫറുമൊക്കെയായ പ്രഭുദേവയാണ് വിജയുടെ മകനെ കുറിച്ച് തുറന്ന് സംസാരിച്ചത്. അടുത്തിടെ പ്രഭുദേവ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ‘ജെയ്‌സണ്‍ സഞ്ജയ് ഇപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. ‘വിജയിയെ വെച്ച് ഞാനൊരു സിനിമ സംവിധാനം ചെയ്തു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്യുകയാണ്. ജീവിതം എങ്ങനെ മാറുന്നുവെന്ന് നോക്കൂ. ഞാന്‍ വളരെ സന്തോഷവാനാണ്, അവന്റെ അച്ഛന്‍ വിജയ് എത്ര സന്തോഷവാനായിരിക്കുമെന്ന് നോക്കൂ’, എന്നുമാണ് പ്രഭുദേവ പറഞ്ഞത്. മാത്രമല്ല തന്റെ മക്കളെ കുറിച്ചും ഇതേ അഭിമുഖത്തില്‍ പ്രഭുദേവ സംസാരിച്ചിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളാണ് പ്രഭുദേവയ്ക്കുള്ളത്. മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കയുള്ള പിതാവാണ് താനെന്നാണ് താരം പറഞ്ഞത്. അവരുടെ ഭാവിയും മറ്റുമൊക്കെ ആലോചിക്കുമ്പോള്‍ വലിയ ടെന്‍ഷനാണെന്നാണ് പ്രഭുദേവ പറഞ്ഞത്. ഒരു നേരം പോലും മക്കളെ വിട്ട് നില്‍ക്കുന്നതിന്റെ ആകുലതയും നടന്‍ പങ്കുവെച്ചിരുന്നു. അതേ സമയം വിജയുടെ മകന്റെ വിശേഷങ്ങള്‍ അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. നേരത്തെ വിജയും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. ഭാര്യയുമായി പിരിഞ്ഞ് വിജയ് മറ്റൊരു നടിയെ ഭാര്യയാക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ വന്നു. എന്നാല്‍ അതൊക്കെ വെറും കഥകളാണെന്ന് പിന്നീട് തെളിയുകയായിരുന്നു. താരദമ്പതിമാരെ കുറിച്ച് വന്നതൊക്കെ വെറും കിംവദന്തികള്‍ ആണെന്നും അവര്‍ സന്തോഷിക്കട്ടെ, വഴക്കൊന്നുമില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മാത്രമല്ല മകന്റെ പുതിയ ചുവടുവെപ്പിലൂടെ താരകുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുമെന്ന് ഉറപ്പാണെന്നും ആരാധകര്‍ പറയുന്നു.

Trending

To Top