നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ താരമായിരുന്നു കൊച്ചു പ്രേമന്‍. തിരുവനന്തപുരത്ത് പേയാട് എന്ന ഗ്രാമത്തിലാണ്…

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ താരമായിരുന്നു കൊച്ചു പ്രേമന്‍. തിരുവനന്തപുരത്ത് പേയാട് എന്ന ഗ്രാമത്തിലാണ് ജനനം. നടി കൂടിയായ ഗിരിജയാണ് ഭാര്യ. ഹരികൃഷ്ണന്‍ ആണ് മകന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. കൊച്ചുപ്രേമന്‍ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകന്‍ ജെ.സി.കുറ്റിക്കാടാണ് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് അവസരം നല്‍കിയത്.

1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

സിനിമ നടന്‍ എന്ന ലേബല്‍ തന്ന ചിത്രമാണ് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നാണ് കൊച്ചുപ്രേമന്റെ അഭിപ്രായം. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതുവരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ സീരിയലുകളിലും അഭിനയിച്ചിരുന്നു.