മിമിക്രി വേദികളിലൂടെ ചിരിപടർത്തിയ കലാകാരൻ; കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മിമിക്രി വേദികളിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബു ബോയ്‌സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, അണ്ണൻതമ്പി, കിംഗ് ലയർ, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.

മിമിക്രി രംഗത്ത് വർഷങ്ങളോളം ചിരിപടർത്തിയ കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന കലാകാരനാണ്. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയും അദ്ദേഹം ശ്രദ്ധേയനായി. രുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ.