എഴുത്ത് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കേണ്ടി വന്ന ചോദ്യത്തിനുളള ഉത്തരമാണ് ‘ബി 32 മുതല്‍ 44 വരെ’!!

സംവിധായിക ശ്രുതി ശരണ്യം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബി 32 മുതല്‍ 44 വരെ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. സ്ത്രീപക്ഷ സിനിമയാണ് ‘ബി’. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ…

സംവിധായിക ശ്രുതി ശരണ്യം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ബി 32 മുതല്‍ 44 വരെ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. സ്ത്രീപക്ഷ സിനിമയാണ് ‘ബി’. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്് എഴുത്തുകാരി കെആര്‍ മീര.

താന്‍ എഴുത്ത് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കേണ്ടി വന്ന ചോദ്യത്തിനുളള മറുപടിയാണ് ശ്രുതിയുടെ ചിത്രം എന്നാണ് മീര പറയുന്നത്. സംവിധായിക ആവണമെന്ന തന്റെ മോഹം സാധ്യമായില്ലെങ്കിലും സ്ത്രീകള്‍ സിനിമ ചെയ്ത് കൈയ്യടി നേടുന്നത് കാണുമ്പോള്‍ സന്തോഷമാണ്.

സ്ത്രീയെ ലോകം അറിയുന്നത് അവളുടെ ഉടലിലൂടെയാണ്, ഉടലിലേക്ക് ചുരുക്കപ്പെടാതെ ഉയിരിലേക്ക് വളരാനുള്ള അവസരം സ്ത്രീകള്‍ അര്‍ഹിക്കുന്നുണ്ട്. അത് മനസിലാക്കിത്തരുന്ന സിനിമയാണ് ‘ബി’എന്നാണ് കെആര്‍ മീര പറയുന്നത്.

മുലകള്‍ രൂപകമാക്കി ഒരു സമൂഹത്തെ ദൃശ്യവത്ക്കരിക്കാന്‍ സാധിക്കുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. അതും മലയാള ഭാഷയില്‍. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്നെ ഞെട്ടിച്ചു. ജെന്‍ഡര്‍ ഇത്രയേറെ കൃത്യമായും ശക്തമായും ചര്‍ച്ച ചെയ്യുന്ന മറ്റൊരു ചിത്രവും ഓര്‍മയിലില്ല. എന്തൊരു സിനിമ.. ഉടലിന്റെ രാഷ്ട്രീയം ഉയിരിന്റേതുതന്നെയാണ് എന്ന് ഇതിലേറെ കലാത്മകമായും ധൈഷണികമായും എങ്ങനെ ആവിഷ്‌കരിക്കും. കെഎസ്എഫ്ഡിസി സ്ത്രീകളായ സംവിധായകര്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം നിര്‍മിക്കപ്പെട്ടതാണ് ശ്രുതിയുടെ ആദ്യ സൃഷ്ടിയായ ബി 32 മുതല്‍ 44 വരെ.

ഇതിന്റെ ഫോട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും ഒഴികെ മറ്റെല്ലാ ജോലികളും നിര്‍വഹിച്ചതു സ്ത്രീകള്‍. പത്തു ദിവസം കൊണ്ടു പ്രീ-പ്രൊഡക്ഷനും ഇരുപത്തിയൊന്നു ദിവസം കൊണ്ടു ഷൂട്ടിങ്ങും പൂര്‍ത്തിയാക്കിയവര്‍. ശ്രുതി ശരണ്യത്തിനും ടീമിനും സ്‌നേഹവും അഭിനന്ദനവും. സിനിമയുടെയും രാഷ്ട്രീയത്തിന്റെയും കാലഹരണപ്പെട്ട അഴകളവുകളെ നിങ്ങള്‍ ഇനിയുമിനിയും മറികടക്കുക.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചത് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാന്‍സ്മാന്റെയും കഥ മനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്, എന്നാണ് മീര കുറിച്ചത്.