‘പ്രിയ പറഞ്ഞത് എന്താ സംഭവിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല എന്നാണ്’ കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലൂടെ ‘ദേവദൂതര്‍ പാടി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പാട്ടിന് ചാക്കോച്ചന്‍ ചുവട് വെച്ചിരിക്കുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉത്സവ…

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലൂടെ ‘ദേവദൂതര്‍ പാടി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പാട്ടിന് ചാക്കോച്ചന്‍ ചുവട് വെച്ചിരിക്കുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഉത്സവ പറമ്പില്‍ നിന്ന് ദേവദൂതര്‍ എന്ന പാട്ടിന് മൈക്കിള്‍ ചാക്ക്സണ്‍ സ്‌റ്റൈലില്‍ ഡാന്‍സ് കളിക്കുന്ന ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ തന്നെ ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ്. എല്ലാം അനുഗ്രഹമായി കരുതുന്നുവെന്നാണ് താരം പ്രതികരിച്ചത്.

‘എന്നെ സംബന്ധിച്ച് ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അനിയത്തിപ്രാവ് പുറത്തിറങ്ങി 25ാം വര്‍ഷമാണ് ‘ന്നാ താന്‍ കേസ് കൊട്’ എത്തുന്നത്. കാതോട് കാതോരം ഇറങ്ങിയിട്ട് 35 വര്‍ഷം. രണ്ടിന്റെയും സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ചേട്ടന്‍. ഇത് 201ാം സിനിമയാണെന്നാണ് അദ്ദേഹം തന്നെ അവകാശപ്പെടുന്നത്.

ദേവദൂതര്‍ പാടി എന്ന ഗാനത്തിന് ചുവടു വയ്ക്കാന്‍ സാധിച്ചു. പരിചയമുള്ളവരും ഇല്ലാത്തവരും എല്ലാം എന്നെ വിളിക്കുന്നു. ഭാര്യ പ്രിയ പറഞ്ഞത് എന്താ സംഭവിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല എന്നാണ്. മകന്‍ ഇസയാണെങ്കില്‍ ഈ സിനിമയിലെ രണ്ട് ഗാനങ്ങളും മൂളി നടക്കുന്നു. ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം വാക്കുകള്‍ക്കുമപ്പുറമാണ്. എല്ലാം അനുഗ്രഹമായി കരുതുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.