പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍ തുടങ്ങി തമിഴകത്തും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്താന്‍ അമലയ്ക്കായി. ഈ വര്‍ഷം തീയ്യേറ്ററിലെത്തിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ആടുജീവിതം അമലയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം അമലപോള്‍ സജീവമായിരുന്നു.

താരത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവല്‍ ക്രോസാണ് താരത്തിന്റെ പുതിയ ചിത്രം. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍.

ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് അമല. വിശാല്‍ ചന്ദ്രശേഖരാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. യൂട്യൂബില്‍ പാട്ട് ശ്രദ്ധേയമായി കഴിഞ്ഞു. തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അമല പറയുന്നു.

അമലയെ കൊണ്ട് പാടിപ്പിക്കാന്‍ താന്‍ കുറച്ച് പാടുപെട്ടെന്ന് സംവിധായകന്‍ അര്‍ഫാസ് ചിത്രത്തിന്റെ പ്രൊമോഷനിടെ പറഞ്ഞിരുന്നു. ലൊക്കേഷനിരിക്കുമ്പോള്‍ താന്‍ പാടിയ മൂളിപ്പാട്ട് കേട്ടാണ് തന്നെകൊണ്ട് പാടിപ്പിച്ചതെന്നായിരുന്നു അമല പോളും പറഞ്ഞിരുന്നു. ജൂണിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും അര്‍ഫാസാണ് ഒരുക്കിയത്. ത്രില്ലര്‍ ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചായാഗ്രഹണം അപ്പു പ്രഭാകര്‍. ദീപു ജോസഫ് ആണ് എഡിറ്റര്‍. സംഭാഷണം ആദം അയൂബ്, സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം ലിന്റ ജീത്തു, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.