
വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നതായി വെളിപ്പെടുത്തി ഗായികയും അവതാരകയുമായ റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ജീവിതത്തിലെ പുതിയ വിശേഷം താരം ആരാധകരുമായി പങ്കുവെച്ചത്. വിവാഹം അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിമി വ്യക്തമാക്കിയത്.
കുടുംബം എന്നും തനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഒരു പങ്കാളിയുടെ അഭാവം എപ്പോഴും അനുഭവപ്പെട്ടിരുന്നുവെന്ന് റിമി പറഞ്ഞു. 2026-ൽ ഒരാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതായും താരം വെളിപ്പെടുത്തി. എന്നാൽ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ പുറത്തുവിടാൻ റിമി തയ്യാറായിട്ടില്ല.
അദ്ദേഹം അഭിനേതാവോ ഗായകനോ അറിയപ്പെടുന്ന വ്യക്തിയോ കോടീശ്വരനോ അല്ലെന്നും റിമി വ്യക്തമാക്കി. പരസ്പരം മനസിലാക്കാനും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും കഴിയുന്ന ഒരാളെയാണ് ജീവിതപങ്കാളിയായി ആഗ്രഹിച്ചതെന്നും താരം പറഞ്ഞു.
ജീവിതത്തിലെ നല്ലതും ചീത്തയുമായ വശങ്ങൾ ഇരുവരും പരസ്പരം മനസിലാക്കിയ ശേഷമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയതെന്നും റിമി കൂട്ടിച്ചേർത്തു. നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷ തോന്നിയതോടെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്നും ഉടൻ തന്നെ വിവാഹം നടക്കുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. എല്ലാം ദൈവത്തിന്റെ കൈകളിലാണെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്നും റിമി വ്യക്തമാക്കി.
‘മീശമാധവൻ’ എന്ന ചിത്രത്തിലെ വിദ്യാസാഗർ സംഗീതം നൽകിയ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് ശ്രദ്ധ നേടിയത്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറി.
2008-ലായിരുന്നു വ്യവസായിയായ റോയ്സുമായുള്ള റിമിയുടെ വിവാഹം. 11 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2019-ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇപ്പോൾ പുതിയൊരു ജീവിതത്തിന് തുടക്കമിടാനുള്ള റിമിയുടെ പ്രഖ്യാപനം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.












