കോൺടെന്റ് ക്രിയേഷൻ രംഗത്തേക്ക് കടന്നുവന്ന കാലം മുതൽ നേരിടുന്ന വിമർശനങ്ങളെയും സൈബർ ഹേറ്റിനെയും കുറിച്ച് മനസ്സുതുറന്ന് നടി ഹൻസിക കൃഷ്ണ. ചെറുപ്പം മുതൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും എന്നാൽ അതൊന്നും തന്റെ വളർച്ചയെ തടഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും അതിൽ പ്രശ്നം തോന്നുന്നവർക്ക് അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഹൻസിക വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
14-ാം വയസിലാണ് കുടുംബത്തോടൊപ്പം ഹൻസിക കണ്ടന്റ് ക്രിയേഷൻ ആരംഭിച്ചത്. അന്ന് മുതൽ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഹേറ്റും നേരിടേണ്ടിവന്നിരുന്നു. തുടക്കത്തിൽ ഇത്തരം പ്രതികരണങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് ആളുകൾ ഇത്രയധികം വെറുക്കുന്നതെന്ന് സഹോദരിമാരോട് ചോദിക്കാറുണ്ടായിരുന്നുവെന്നും താരം ഓർത്തെടുത്തു.
തന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നുപോലും അന്ന് ചിന്തിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ കണ്ട് വിഷമിച്ച് താൻ ചെയ്യുന്ന കാര്യങ്ങൾ അവസാനിപ്പിക്കരുതെന്ന് അച്ഛനും സഹോദരിമാരും ഉപദേശിച്ചു. പിന്നീട് കോവിഡ് കാലത്ത് ലഭിച്ച ഒഴിവുസമയത്താണ് ഇഷ്ടത്തോടെ കണ്ടന്റ് ക്രിയേഷൻ തുടർന്നത്. പതിയെ സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സും വർധിക്കുകയും നിരവധി പേർ തന്റെ ഉള്ളടക്കങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങുകയും ചെയ്തു. പ്രേക്ഷകരിൽനിന്ന് ലഭിച്ച സ്നേഹമാണ് വിമർശനങ്ങൾക്കിടയിലും മുന്നോട്ടുപോകാൻ പ്രചോദനമായതെന്നും ഹൻസിക പറഞ്ഞു.
കണ്ടന്റ് ക്രിയേഷൻ രംഗത്ത് എത്തിയിട്ട് ഏഴ് വർഷമായിട്ടും ഹേറ്റ് കമന്റുകൾക്ക് കുറവില്ലെന്നും എന്നാൽ അതൊന്നും തന്നെ പിന്നോട്ടടിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. മറിച്ച്, ഈ കാലയളവിൽ താൻ വളരുക മാത്രമാണ് ചെയ്തതെന്നും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും ഹൻസിക കൂട്ടിച്ചേർത്തു.
വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും അവയ്ക്ക് പിന്നാലെ പോകാതെ പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. മുന്നോട്ടുപോകണമെങ്കിൽ ആദ്യം സ്വന്തം കഴിവിലും തീരുമാനങ്ങളിലും വിശ്വാസമുണ്ടാകണമെന്നും ഹൻസിക വ്യക്തമാക്കി.”ഹേറ്റ് ഇന്നും ഉണ്ടാകും, നാളെയും ഉണ്ടാകും. പക്ഷേ അതെന്നെ തളർത്തിയിട്ടില്ല, വളർത്തിയിട്ടേയുള്ളൂ. എനിക്ക് മുന്നോട്ടുപോകണമെങ്കിൽ ആദ്യം എന്നെത്തന്നെ വിശ്വസിക്കണം” എന്ന നിലപാടിലാണ് താരം.
