‘കല്യാണം കഴിച്ച് രണ്ട് കുട്ടികളാകും എന്ന് പറഞ്ഞ രണ്ടാഴ്ച്ച കഴിഞ്ഞാണ് മരണം’ ; മോനിഷയുടെ മരണത്തെപ്പറ്റി എം ജി ശ്രീകുമാർ 

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് മോനിഷ. ആദ്യ സിനിമയായ  നഖക്ഷതങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മോനിഷ അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും മികവ് പുലർത്തി. തിരക്കേറിയ നടിയായി കരിയറിൽ വളർന്ന് കൊണ്ടിരിക്കെയാണ് തന്റെ…

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് മോനിഷ. ആദ്യ സിനിമയായ  നഖക്ഷതങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മോനിഷ അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും മികവ് പുലർത്തി. തിരക്കേറിയ നടിയായി കരിയറിൽ വളർന്ന് കൊണ്ടിരിക്കെയാണ് തന്റെ 21ാം വയസിൽ അമ്മയ്‌ക്കൊപ്പം കാറിൽ യാത്ര ചെയ്യവേ 1992 ഡിസംബർ 5ാം തിയതി ആലപ്പുഴയിൽ ചേർത്തലയ്ക്ക് സമീപം മോനിഷ വാഹനാപകടത്തിൽ മരിച്ചത്.  മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. മോനിഷയുടെ മരണത്തെക്കുറിച്ച് ​ഗായകൻ എംജി ശ്രീകുമാർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാർ തന്റെ അഭിപ്രായം പങ്കുവെച്ചത്. ജ്യോതിഷത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞപ്പോഴാണ് എംജി ശ്രീകുമാർ മോനിഷയുടെ കാര്യം പരാമർശിച്ചത്. സമയത്തിലും രാശിയിലും വലുതായി വിശ്വസിക്കുന്ന ആളല്ല. ജോത്സ്യനെ പോയി കാണാറില്ല. അത് നമ്മുടെ സമാധാനം മാത്രമാണ്. നമുക്ക് വരേണ്ടത് വരും. കിട്ടേണ്ടത് കിട്ടും. ഒരടി ആണ് കിട്ടേണ്ടതെങ്കിൽ അത് വഴിയിൽ തങ്ങില്ല. ഒരുപാ‌ട് ഉദാഹരണങ്ങൾ ഉണ്ട്. മോനിഷ കല്യാണം കഴിച്ച് രണ്ട് കുട്ടികളാകും എന്ന് പറഞ്ഞതിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് മരിച്ചത്. നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാൻ പറ്റില്ലെന്നും എംജി ശ്രീകുമാർ ചൂണ്ടിക്കാട്ടി. മുൻപ് മോനിഷ  മരിച്ച് മാസങ്ങൾക്ക് ശേഷം മോനിഷ സ്വപ്നത്തിൽ വന്ന അനുഭവം നടൻ മണിയൻ പിള്ള രാജുവും പങ്കുവെച്ചിരുന്നു. ഉറങ്ങുമ്പോൾ ശബ്ദം കേട്ടു.

മോനിഷ മുന്നിൽ നിൽക്കുന്നു. എന്താ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു. അമ്മ പർച്ചേഴ്സിന് പോയതാണെന്ന് പറഞ്ഞു. വെള്ളയിൽ വലിയ സൂര്യകാന്തിപ്പൂവുള്ള ചുരിദാറാണ് അവർ ധരിച്ചിരുന്നത്. കറന്റ് പോയി. പെട്ടെന്ന് ഞാൻ എഴുന്നേറ്റു. വിയർത്ത് പോയി. പിറ്റേന്ന് മിന്നാരത്തിന്റെ ഷൂട്ടിം​ഗിന് എത്തിയപ്പോൾ മോ​ഹൻലാലിനോട് പറഞ്ഞു. മോഹൻലാൽ ഞെ‌ട്ടിപ്പോയി. കമലദളത്തിന്റെ ഫങ്ഷന് വന്നപ്പോൾ ഇങ്ങനെയൊരു ചുരിദാർ ധരിച്ചാണ് അവർ വന്നിരുന്നത്. അവർ താമസിച്ചിരുന്നത് 505ാം റൂമിലായിരുന്നെന്ന് മോഹൻലാൽ പറഞ്ഞു. തൊട്ടടുത്തുള്ള 504ാം റൂമിലാണ് തലേന്ന് രാത്രി താൻ താമസിച്ചതെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. അതേസമയം ചെപ്പടിവിദ്യ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് മോനിഷ ഉണ്ണി മരിക്കുന്നത്. ഒടിവുകളോടും ചതവുകളോടും കൂടി അമ്മ രക്ഷപ്പെട്ടപ്പോൾ മോനിഷ മരണത്തിന് കീഴടങ്ങി. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു മോനിഷയുടെ മരണം. മകളുടെ മരണം ശ്രീദേവിയെ തകർത്ത് കളഞ്ഞു. ശ്രീദേവിയുടെ ലോകം തന്നെ മോനിഷയായിരുന്നു. ഇന്നും മോനിഷയെക്കുറിച്ചാണ് ശ്രീദേവി അഭിമുഖങ്ങളിലെല്ലാം സംസാരിക്കാറുള്ളതും. സിനിമാ ലോകത്ത് വലിയ ഭാവിയുണ്ടായിരുന്ന നടിയായാണ് സംവിധായകർ മോനിഷയെ കണ്ടത്. മകൾക്ക് വേണ്ടിയാണ് ‍ഡാൻസിലേക്ക് തിരിച്ച് വന്നത്.

തന്റെ വാക്കുകൾ പോലും മരിച്ച് പോയ മകൾക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ ശ്രീദേവി ഉണ്ണി മുമ്പ് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾ  ഇത്ര കഴിഞ്ഞിട്ടും മോനിഷയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കരിയറിലെ ചുരുങ്ങിയ കാലം കൊണ്ട് ഹരിഹരൻ, കമൽ, സിബി മലയിൽ തു‌ടങ്ങിയ പ്ര​ഗൽഭരുടെ സിനിമളിൽ അഭിനയിക്കാൻ മോനിഷയ്ക്ക് കഴിഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുമ്പോൾ 16 വയസായിരുന്നു മോനിഷയുടെ പ്രായം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടി എന്ന വിശേഷണത്തിനും മോനിഷ അർഹയാണ്. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയും അഭിനയ രം​ഗത്ത് ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്.