സ്റ്റെഫി സേവ്യറിന്റെ ആദ്യ സംവിധാനസംരംഭം തന്നെ ഹിറ്റിലേക്ക്; മധുര മനോഹര മോഹം പത്തു കോടി ക്ലബ്ബിലേക്ക്

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര മനോഹര മോഹം മികച്ച വിജയമാണ് തീയേറ്ററുകളില്‍ നിന്നു നേടുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. താര ബാഹുല്യമല്ല മികച്ച…

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര മനോഹര മോഹം മികച്ച വിജയമാണ് തീയേറ്ററുകളില്‍ നിന്നു നേടുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. താര ബാഹുല്യമല്ല മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യഥാര്‍ത്ഥ സത്ത് എന്ന് അടിവരയിടുന്ന പ്രകടനം.

യുവനടന്‍ ഷറഫുദീന്റെ മികച്ച പ്രകടനം തന്നെയാണ് ‘ മധുര മനോഹര മോഹ’ ത്തിന്റെ നട്ടെല്ല്. മനു എന്ന കഥാപാത്രത്തെ തീര്‍ത്തും രസകരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ യാഥാസ്ഥികനും അലസനുമായ പൊതു മരാമത്ത് ഉദ്യോഗസ്ഥനാണ് മനു.അമ്മയും രണ്ട് അനുജത്തിമാരുമടങ്ങുന്ന മനുവിന്റെ കുടുംവും യഥാസ്ഥിക കാഴ്ചപ്പാടുള്ളവരാണ്. മനുവിന്റെയും കുടുംബത്തിന്റെയും കാഴ്ചപ്പാടുകളില്‍ നിന്നു വ്യതിചലിച്ചു അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രം പറയുന്നത്. മീര, മാളവിക എന്നി സഹോദരിമാരുടെ വേഷങ്ങളില്‍ എത്തിയത് രജീഷ വിജയനും,മീനാക്ഷിയുമാണ്. കഥഗതിയില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന മീര എന്ന കഥാപാത്രം രജീഷ വിജയന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. മനുവിന്റെ അമ്മയുടെ വേഷത്തില്‍ എത്തിയ ബിന്ദു പണിക്കരും മികച്ച രീതിയിലാ വേഷം കൈകാര്യം ചെയ്തു.വമ്പന്‍ സിനിമകള്‍ പോലും തീയേറ്ററുകളില്‍ തകര്‍ന്നടിയുന്ന കാലഘട്ടത്തില്‍ ‘മധുര മനോഹര മോഹം ‘ പോലെയുള്ള ചിത്രങ്ങള്‍ നേടുന്ന വിജയത്തിന്റെ പ്രസക്തി ഏറെയാണ്.

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് മധുര മനോഹര മോഹം.പത്തനംതിട്ട ജില്ലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രബലമായ ഒരു നായര്‍ തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ അവതരണം. നാട്ടിലെ ഒരു തറവാട്ടില്‍ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് നര്‍മ്മത്തില്‍ ചാലിച്ച് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.