മന്‍സൂര്‍ അലിഖാന് കോടതിയില്‍ നിന്ന് തിരിച്ചടി!! ഒരു ലക്ഷം രൂപ പിഴ ഒടുക്കാന്‍ വിധി

ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജും വിജയിയും ഒന്നിച്ചെത്തിയ കോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലിയോ. 2023ലെ ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ലിയോ. തൃഷയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ…

ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജും വിജയിയും ഒന്നിച്ചെത്തിയ കോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലിയോ. 2023ലെ ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ലിയോ. തൃഷയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷയെ അധിക്ഷേപിച്ച സംഭവം വിവാദമായിരുന്നു. വിവാദ പരാമര്‍ശത്തില്‍ കോടതി കേസെടുത്തിരുന്നു.

വിഷയത്തില്‍ തൃഷ തന്നെ നേരില്‍ പ്രതികരിച്ചിരുന്നു. പിന്നാലെ മന്‍സൂര്‍ അലിഖാന്‍ തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നല്‍കിയ പരാതിയിലും കേസെടുത്തിരുന്നു. ഇപ്പോഴിതാ അതിന്റെ അപ്‌ഡേറ്റുകളാണ് എത്തിയിരിക്കുന്നത്. മാനനഷ്ടകേസില്‍ മന്‍സൂര്‍ അലി ഖാന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

പിഴയടക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പിഴ അടക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും നേരത്തെ പിഴ അടക്കാമെന്ന് സമ്മതിച്ചില്ലെയെന്നും മന്‍സൂര്‍ അലി ഖാനോട് കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

തൃഷയടക്കം ഉള്ള താരങ്ങള്‍ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസിലാണ് ഒരു ലക്ഷം രൂപ പിഴ ഒടുക്കാന്‍ കോടതി വിധിച്ചത്. ആ പണം കാന്‍സര്‍ സെന്ററിന് കൈമാറാനാണ് കോടതി നിര്‍ദേശിച്ചത്.

മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പരാതി നല്‍കേണ്ടത് തൃഷയാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. പൊതുഇടത്ത് എങ്ങനെ പെരുമാറണമെന്ന് നടന്‍ പഠിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന്റെ പരാമര്‍ശം. തൃഷ തന്നെ നടനെതിരേ ആദ്യം രംഗത്തെത്തിയിരുന്നു. തൃഷയെ പിന്തുണച്ചാണ് താരങ്ങള്‍ മന്‍സൂറിനെ വിമര്‍ശിച്ചത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്ന് തൃഷ തന്നെ വ്യക്തമാക്കിയിരുന്നു.