‘കെട്ടിപ്പിടിച്ച് ഉമ്മ വെച്ചൂടെ എന്ന് ഭാര്യ ചിലപ്പോൾ ചോദിക്കും’ ; കുടുംബത്തെക്കുറിച്ച് മേജർ രവി 

പ്രേക്ഷകർക്ക് സുപരിചിതനാണ് മേജർ രവി. പട്ടാള സിനിമകൾ സംവിധാനം ചെയ്ത് ജനശ്രദ്ധ നേടിയ മേജർ രവി ഇന്ന് അഭിനയത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്. പലപ്പോഴും പല കാര്യങ്ങളിലും അഭിപ്രായങ്ങൾ തുറന്നടിച്ച് പറയാൻ മടിയില്ലാത്ത മേജർ രവി പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ആനുകാലിക സംഭവങ്ങളിൽ വൈകാരികമായാണ് മേജർ രവി മിക്കപ്പോഴും പ്രതികരിക്കാറ്. ഇതിന്റെ പേരിൽ വിമർശനവും പിന്തുണയും ഇദ്ദേഹത്തിന് ഒരുപോലെ വരാറുമുണ്ട്. അതേസമയം തന്നെ കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം മേജർ രവി നൽകുന്നുമുണ്ട്. 1988 ലാണ് മേജർ രവിയും ഭാര്യ അനിതയും വിവാഹിതരായത്. അർജുൻ രവി എന്നാണ് മകന്റെ പേര്. തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവിയിപ്പോൾ. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി മനസ് തുറന്നത്. ഭാര്യയോടോ മകനോടോ വലിയ സ്നേഹപ്രകടനം കാണിക്കാറില്ലെന്ന് മേജർ രവി പറയുന്നു. പോകുന്ന സമയത്ത് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചൂടെ എന്ന് ഭാര്യ ചിലപ്പോൾ എന്നോട് ചോദിക്കാറുണ്ട്. സ്നേഹം പ്രകടിപ്പിക്കാൻ കുറച്ച് മടിയുണ്ട്.

അതേസമയം കുട്ടികളോട് ഭയങ്കര ഇഷ്ടമാണ്. എന്റെ കുട്ടിയെ എനിക്ക് താലോലിക്കാൻ പറ്റിയില്ല എന്നതായിരിക്കാം അതിന് കാരണം. അവന് 33 വയസായി. അന്ന് കമാൻഡോ ആയതിനാൽ തോക്കുമെടുത്ത് പോകും. കുട്ടി കിടന്ന് ഉറങ്ങുകയായിരിക്കാം. ഉറങ്ങുമ്പോൾ കവിളത്ത് ഉമ്മ വെച്ച് പോകും. ഉണർന്നിരിക്കുകയാണെങ്കിൽ ഓക്കെ ഡാ അർജുൻ, ബൈ എന്ന് പറയും. കാരണം നമ്മൾ ചിലപ്പോൾ തിരിച്ച് വരില്ല. ഈ കുട്ടിക്ക് എന്നോട് അറ്റാച്ച്മെന്റ് ഉണ്ടാകരുത്. മരിച്ച് പോയിക്കഴിഞ്ഞാൽ ഭയങ്കര വിഷമം ആയിരിക്കും. എന്റെ പട്ടി മരിച്ച് പോയിട്ട് ഞാൻ ഏഴ് ദിവസം ശാപ്പാട് കഴിച്ചിട്ടില്ല. മകന്റെ കുട്ടിക്കാലം എനിക്ക് നഷ്ടപ്പെട്ടതിനായിരിക്കാം കുട്ടികളോട് ഇപ്പോഴുള്ള അറ്റാച്ച്മെന്റെന്ന് മേജർ രവി ചൂണ്ടിക്കാട്ടി.

ചെറിയ പെൺകുട്ടികളോട് പ്രത്യേക വാത്സല്യം ഉണ്ട്. അഞ്ച് വയസിൽ ഞാനവരിൽ കാണുന്നത് നാളത്തെ ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയുമാണ്. പ്രാരാബ്ധങ്ങൾ ഏറ്റെ‌‌ടുക്കാനുളള ജന്മം. അവർ സ്വന്തം കാലിൽ നിൽക്കുമെന്നൊക്കെ പലരും പറയും. പക്ഷെ നമ്മൾ ബസ് സ്റ്റോപ്പിൽ കാണുന്ന കാഴ്ച പെൺകുട്ടിയായിരിക്കും ഭാരം ചുമക്കുന്നത്. അവളുടെ സഹോദരനായ ഏഴ് വയസുകാരന്റെ കൈയിൽ ഒന്നും കാണില്ല. ദൈവമേ, ഇവിടെ തുടങ്ങി ആ കുട്ടിയുടെ ലൈഫ്. പ്രകൃതിയുടെ ഭാഷയാണത്. പെൺകുട്ടികൾ ഭാരം ചുമക്കാൻ വിധിക്കപ്പെ‌ട്ടവരാണെന്നും മേജർ രവി പറയുന്നു. അമ്മയുടെ മരണം തന്നെ ഏറെ വേദനിപ്പിച്ചിരുന്നെന്നും അമ്മയെ മിസ് ചെയ്യുന്നുണ്ടെന്നും മേജർ രവി വ്യക്തമാക്കി. അമ്മയുടെ പാചകം ഭാര്യ പഠിച്ചിട്ടുണ്ടെന്നും പെൺകുട്ടികൾ ഇത് മാതൃകയാക്കണമെന്നും മേജർ രവി പറയുന്നു. ഭർത്താവിന്റെ അമ്മ ഭക്ഷണമുണ്ടാക്കുന്നത് നിങ്ങൾ പഠിച്ചാൽ ആ ഭർത്താവിനെ നിങ്ങൾ അവിടെത്തന്നെ വീഴ്ത്തി. ഞാനുണ്ടാക്കി കൊടുക്കുന്നത് ഭർത്താവ് തിന്നാൽ മതിയെന്ന് പറഞ്ഞാൽ അവിടെ ചില പ്രശ്നങ്ങളുണ്ടാകും. ആ അമ്മയുടെ കൈയിൽ നിന്ന് പാചകം പഠിച്ചാൽ ഒന്നും നഷ്ടപ്പെടാനില്ല. എന്റെ ഭാര്യ കുറച്ച് പഠിച്ചത് കൊണ്ട് അവൾ രക്ഷപ്പെട്ടെന്നും മേജർ രവി വ്യക്തമാക്കി. ചെറുപ്പം മുതലേ തനിക്ക് ഒന്നിലും പേടിയില്ല. അച്ഛൻ ധൈര്യശാലിയായിരുന്നു. അതാണ് തന്റെ ധൈര്യത്തിന്റെ ഉറവിടം. ഒരാളെ തല്ലാൻ വേണ്ടി പത്ത് പേരെ ഒപ്പം കൂട്ടുന്ന ആളല്ലായിരുന്നു അച്ഛനെന്നും മേജർ രവി വ്യക്തമാക്കി.