കഴിഞ്ഞ മാസം ഹിറ്റായത് ഒരേയൊരു മലയാള ചിത്രം, അത് വാലിബനല്ല; പ്രതീക്ഷകൾ തകർന്ന ജനുവരി ബോക്സ് ഓഫീസ്

നഷ്ടക്കണക്കുകളുടെ ഒരു വർഷത്തിന് ശേഷം പ്രതീക്ഷയോടെ മലയാള സിനിമ ലോകം 2024ന് വേണ്ടി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്ന ജനുവരിയാണ് വീണ്ടും കടന്ന് പോകുന്നത്. കഴിഞ്ഞ മാസം കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകൾ മാത്രമാണ്…

നഷ്ടക്കണക്കുകളുടെ ഒരു വർഷത്തിന് ശേഷം പ്രതീക്ഷയോടെ മലയാള സിനിമ ലോകം 2024ന് വേണ്ടി കാത്തിരുന്നത്. എന്നാൽ, നിരാശപ്പെടുത്തുന്ന ജനുവരിയാണ് വീണ്ടും കടന്ന് പോകുന്നത്. കഴിഞ്ഞ മാസം കേരള ബോക്സ് ഓഫീസിൽ രണ്ട് സിനിമകൾ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. അതിൽ ഒരെണ്ണം മലയാളവും അടുത്തത് തമിഴുമാണ്. മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ജയറാം ചിത്രം ‘ഓസ്‍ലർ’ ആണ് വിജയം നേടിയ മലയാള സിനിമ. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ​ഗ്രോസ് കളക്ഷൻ. ലോകമെമ്പാടുമായി 39.35 കോടി ചിത്രം സ്വന്തമാക്കി.

ധനുഷ് നായകനായി എത്തിയ ക്യാപ്റ്റൻ മില്ലർ മറ്റൊരു വിജയ ചിത്രമായി. മലയാള സിനിമ ലോകം ഒരുപാട് പ്രതീക്ഷകൾ പുലർത്തിയ മലൈക്കോട്ടെ വാലിബനും ജനുവരി റിലീസ് ആയിരുന്നു. ആദ്യദിനം പത്ത് കോടിക്ക് മേൽ നേടിയെങ്കിലും പിന്നീട് ചിത്രത്തിന് വൻ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. കേരളത്തിൽ 12.59 കോടിയാണ് ഇതുവരെ വാലിബൻ നേടിയതെന്നാണ് റിപ്പോർട്ടുകൾ. ആ​ഗോളതലത്തിൽ 26.54 കോടി മോഹൻലാൽ ചിത്രം നേടി. മികച്ച ഗ്രോസ് നേടിയ മലയാളം സിനിമകളിൽ ഓസ്‍ലർ ഒന്നാമതും വാലിബൻ രണ്ടാമതും മൂന്നാമത് ആട്ടവും ആണ്.