‘മലയാളത്തിലും ഹിറ്റായ നടൻ, ബിഗ്‌ബോസ് ഫൈനലിസ്റ്റ്’ ; ഈ താരമിപ്പോൾ എവിടെ?

സിനിമ ആരെയും എല്ലാ കാലവും പിടിച്ചു നിർത്തുന്ന ഒരിടമില്ല. പലരും വരും പോകും വളരെ കുറച്ച് പേർക്ക് മാത്രമേ അവിടെ സ്ഥിര സാന്നിധ്യമായി മാറാൻ കഴിയു. കുറച്ച് കാലത്തേക്ക് മാത്രം സെൻസേഷനായി നിന്ന് പിന്നീട് പതിയെ പ്രേക്ഷകരുടെ മനസിൽ നിന്ന് അകലുന്നവരും ഈ കൂട്ടത്തിലുണ്ട്. മലയാള സിനിമയിൽ ഇതിന് ഒന്നിലേറെ ഉദാഹരണങ്ങളുമുണ്ട്. നടി റോമ ഒരു ഘട്ടത്തിൽ മോളിവുഡിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. അന്യ ഭാഷക്കാരിയായ റോമയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹിറ്റുകളുടെ ഒരു നിര സൃഷ്ടിച്ച റോമ പിന്നീട് സിനിമാ രം​ഗത്ത് നിന്നും അകന്നു. ഇന്ന് റോമയെ ലൈം ലൈറ്റിൽ കാണാനേയില്ല. ഇത്തരത്തിൽ തെലുങ്ക് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കണ്ട താരോദയമായിരുന്നു വരുൺ സന്ദേശിന്റേത്. വരുണിന്റെ ഹാപ്പി ഡേയ്സ് ഉൾപ്പെടെയുള്ള സിനിമകൾ മലയാളത്തിൽ മാെഴി മാറ്റിയെത്തിയിട്ടുണ്ട്. അതിനാൽ മലയാളികൾക്കും വരുൺ സുപരിചിതനാണ്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ വരുൺ സന്ദേശിന് കൈനിറയെ അവസരങ്ങൾ തുടക്ക കാലത്ത് ലഭിച്ചിരുന്നു. തെലുങ്കിലെ പ്രശസ്ത എഴുത്തുകാരൻ ജീതി​ഗണ്ട രാമചന്ദ്രമൂർത്തിയുടെ കൊച്ചുമകനാണ് വരുൺ സന്ദേശ്. സിനിമ കരിയറാക്കാനായിരുന്നില്ല വരുണിന്റെ ആദ്യത്തെ പ്ലാൻ.

ഡോക്ടറാകാനാണ് വരുൺ സന്ദേശ് ആ​ഗ്രഹിച്ചത്. പിന്നീട് അഭിനയത്തിൽ താൽപര്യം വന്നു. 2007 ൽ ശേഖർ കമ്മുലയുടെ ഹാപ്പി ഡേയ്സ് എന്ന സിനിമയ്ക്കായുള്ള ഓഡിഷന്റെ പരസ്യം വരുൺ സന്ദേശിന്റെ ശ്രദ്ധയിൽ പെട്ടു. ഓഡിഷനിൽ പങ്കെടുത്ത നടനെ സിനിമയിലേക്ക് തെരഞ്ഞെടുത്തു. ഹാപ്പി ഡെയ്സിൽ അഭിനയിച്ചവരിൽ ഭൂരിഭാ​ഗവും പുതുമുഖങ്ങളായിരുന്നു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് തെലുങ്ക് സിനിമാ ലോകം പുതുമുഖങ്ങളെ വെച്ചുള്ള ഈ ക്യാംപസ് സിനിമയുടെ വരവിനെ കണ്ടത്. എന്നാൽ സിനിമ വൻ ജനപ്രീതി നേടി. ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം നടത്തിയ ഹാപ്പി ഡേയ്സ് വരുൺ സന്ദേശിനും മറ്റ് താരങ്ങൾക്കും വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.

ഹാപ്പി ഡേയ്സിന് ശേഷം വരുൺ സന്ദേശ് ചെയ്ത അടുത്ത സിനിമ ‘കൊത്ത ബം​ഗരു ലോകം’ എന്ന പ്രണയ കഥയാണ്. ഇത് ഞങ്ങളുടെ ലോകം’ എന്ന പേരിൽ ഈ ചിത്രം മലയാളത്തിൽ മാെഴി മാറ്റിയെത്തിയിട്ടുണ്ട്. രണ്ടാമത്തെ ചിത്രവും വൻ ഹിറ്റായതോടെ വരുൺ സന്ദേശ് ടോളിവുഡിൽ പേരെടുത്ത നടനായി മാറി. എന്നാൽ പിന്നീട് ചെയ്ത സിനിമകൾ തുടരെ പരാജയപ്പെട്ടത് വരുൺ സന്ദേശിന്റെ കരിയറിനെ ബാധിച്ചു. 2010 ൽ ഉടനീളം പരാജയ സിനിമകളിലാണ് വരുൺ സന്ദേശിനെ പ്രേക്ഷകർ കണ്ടത്. ഇതോടെ കരിയർ ​ഗ്രാഫിൽ താഴ്ച സംഭവിച്ചു. മുൻനിര നായക സ്ഥാനത്ത് നിന്നും വരുൺ പിന്നോട്ട് പോയി. 2015 ന് ശേഷം നടൻ ചെയ്ത സിനിമകളും കുറവാണ്. എന്ത്കൊണ്ട് പഴയ താരത്തിളക്കം വരുണിന് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്. പൊതുവെ സിനിമാ കുടുംബ പശ്ചാത്തലമുള്ളവർക്കാണ് ടോളിവുഡിൽ മുൻനിരയിലേക്ക് ഉയരാൻ കഴിയാറ്. നടി വിതിക ഷെരുവിനെയാണ് വരുൺ സന്ദേശ് വിവാഹം ചെയ്തത്. 2016 ലായിരുന്നു വിവാഹം. വിതികയ്ക്ക് മുമ്പ് നടി ശ്രദ്ധ ദാസുമായി പ്രണയത്തിലായിരുന്നു വരുൺ. എന്നാൽ കുറച്ച് കാലം മാത്രമേ ഈ ബന്ധം മുന്നോട്ട് പോയുള്ളൂ, 2019 ൽ ബി​ഗ് ബോസ് തെലുങ്കിന്റെ മൂന്നാം സീസണിൽ വരുൺ മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു വരുൺ സന്ദേശ്.