‘ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് ബറോസിന്റെ പൂജയ്ക്കും വെച്ചത്’; മമ്മൂട്ടി

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം റോഷാക്കിനായി ആരാധകര്‍ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ റോഷാക്കിന്റെ പ്രമോഷനിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങളും നടന്റെ ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം…

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം റോഷാക്കിനായി ആരാധകര്‍ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ റോഷാക്കിന്റെ പ്രമോഷനിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങളും നടന്റെ ലുക്കുകളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജാ വേളയിലെ മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു. പൂജാ ചടങ്ങില്‍ ധരിച്ചിരുന്ന കണ്ണാടിയെക്കുറിച്ചുള്ള ഒരു രസകരമായ സംഭവം മമ്മൂട്ടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. മോഹന്‍ ലാലിന്റെ കല്യാണത്തിന് താന്‍ ധരിച്ച അതേ കണ്ണാടിയാണ് ബറോസിന്റെ പൂജ വേളയിലും ധരിച്ചത് എന്ന് മമ്മൂട്ടി പറഞ്ഞു. അതിന്റെ ഒരു സീരിസ് ഓഫ് കളക്ഷനുണ്ട് എന്റെ കൈയ്യിലെന്നും താരം കൂട്ടിച്ചേര്‍ത്തു. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വെച്ചെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റോഷാക്ക് ഒക്ടോബര്‍ 7 ന് തീയറ്ററുകളിലെത്തും. നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍സുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. നിഗൂഢതയും സസ്പെന്‍സും നിറച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നാണ്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍.