‘യഥാര്‍ത്ഥ ഇര ഇതൊന്നും പരസ്യമായി പറയില്ല’; അതിജീവിതമാരെ അധിക്ഷേപിച്ച് മംമ്ത മോഹന്‍ദാസ്

തുടര്‍ച്ചായി ഉയര്‍ന്നു വരുന്ന ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും മീ ടൂ ആരോപണങ്ങളെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പറഞ്ഞ കാര്യങ്ങള്‍ വിവാദമാകുന്നു. ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു…

തുടര്‍ച്ചായി ഉയര്‍ന്നു വരുന്ന ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും മീ ടൂ ആരോപണങ്ങളെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പറഞ്ഞ കാര്യങ്ങള്‍ വിവാദമാകുന്നു. ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുകയാണെന്നുമായിരുന്നു മംമ്ത മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന. ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതകള്‍ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് അതിജീവിതകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മംമ്തയുടെ പരാമര്‍ശം. ദുബായില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ പറഞ്ഞത്.

യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ല, ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും താന്‍ എല്ലാ കാര്യങ്ങളുടെയും ഇരുവശങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ആളാണെന്നുമാണ് മംമ്ത പറഞ്ഞത്. കൂട്ടത്തില്‍ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ല കാര്യമാണ്’ എന്നും മംമ്ത പറഞ്ഞു.

തെറ്റ് സംഭവിച്ചാല്‍ രണ്ട് വശത്ത് നിന്നും തുല്യപങ്കാളിത്തം ഉണ്ടായിരിക്കുമെന്നും ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാന്‍ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് തനിക്ക് വലിയ യോജിപ്പില്ലെന്നും ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കണമെന്നുമായിരുന്നു മംമ്തയുടെ വാക്കുകള്‍.