ബ്രഹ്‌മാണ്ഡമാകാന്‍ പൊന്നിയിന്‍ സെല്‍വന്‍; ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയായ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ 4 മില്യണിലധികം പേരാണ് കണ്ടത്. വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി,…

മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയായ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ 4 മില്യണിലധികം പേരാണ് കണ്ടത്. വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുന്‍ നിരതാരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുള്‍മൊഴി വര്‍മനെന്ന രാജ രാജ ചോഴന്‍. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവന്‍ എന്ന കാര്‍ത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കുകള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും.

അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്‌മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്‌നത്തിന്റെ ലക്ഷ്യം. 2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.