സിനിമയ്ക്ക് സംഗീതം നൽകി മഞ്ജരി ; സന്തോഷം പങ്കിട്ട്  ഗായിക

സിനിമാ സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച്‌ ഗായിക മഞ്ജരി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘ആണ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്. ആദ്യമായി സംഗീത സംവിധായിക ആവുന്നതിന്റെ സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ്…

സിനിമാ സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച്‌ ഗായിക മഞ്ജരി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘ആണ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്. ആദ്യമായി സംഗീത സംവിധായിക ആവുന്നതിന്റെ സന്തോഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജരി പങ്കു വച്ചിരിക്കുന്നത്. മനമൊരു ചിറകായ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോ താരം പുറത്തു വിട്ടു. സജിത മഠത്തിലും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ആണ്’ നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് ശിവയും ബി രാകേഷുമാണ്. നടി സജിത മഠത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. സുധീഷ്, ആശാ അരവിന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മഞ്ജരി പിന്നണി ഗാന രംഗത്തെത്തുന്നത്. 2004 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.ഈണം നല്‍കിയതിനുപുറമെ ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജരിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും മഞ്ജരി തന്നെ. മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവിയായ വിജയരാജ മല്ലികയുടേതാണ് വരികള്‍. ആദ്യമായാണ് മല്ലികയ്ക്ക് സിനിമയില്‍ പാട്ടെഴുതാനുള്ള അവസരം ലഭിക്കുന്നത്. ഒരു ഇന്ത്യൻ പിന്നണി ഗായികയും ഹിന്ദുസ്ഥാനി ഗായികയുമാണ് മഞ്ജരി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊൽക്കത്ത ആസ്ഥാനമായുള്ള റോക്ക് ബാൻഡായ ശിവയ്‌ക്കൊപ്പമായിരുന്നു  മഞ്ജരിയുടെ ആദ്യമായി പൊതുവേദിയിൽ പ്രകടനം കാഴ്ച വെയ്ക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്റെ അമ്മ’യിലൂടെ ഇളയരാജയാണ് മഞ്ജരിയെ സിനിമാ സംഗീത ലോകത്തേക്ക് കൊണ്ടു വരുന്നത്. ചിത്രത്തിൽ രണ്ട് ഗാനങ്ങൾ മഞ്ജരി  ആലപിച്ചു യേശുദാസിനൊപ്പം ‘ശ്വാസത്തിൻ താളം’ എന്ന യുഗ്മഗാനവും ചിത്രത്തിലെ ‘താമരക്കുരുവിക്ക്’ എന്ന സോളോ ഗാനവും മഞ്ജരിയുടെ ശബ്ദ മധുരിയിൽ പിറന്നു. അരങ്ങേറ്റം മുതൽ രമേഷ് നാരായണൻ, ഇളയരാജ, എം ജി രാധാകൃഷ്‍ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാ സാഗർ, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, അന്തരിച്ച രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവരുടെ ഗാനങ്ങളും മഞ്ജരി പാടിയിട്ടുണ്ട്.

അന്തരിച്ച മ്യുസീഷൻ ബാലഭാസ്‌കറിന്റെ മഴയിൽ ആരോ ഒരാൾ തുടങ്ങിയ ആൽബങ്ങൾക്കും അവർ പാടിയിട്ടുണ്ട്. 300-ലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. രണ്ടായിരത്തിനാല്  മുതൽ, സൂര്യയുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചു. ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനപ്രീതി നേടി.പിന്നീട മലയാളത്തിലെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ ഖയാൽ എന്ന പേരിൽ ഒരു പ്രത്യേക ഗസൽ ഷോയും അവതരിപ്പിച്ചു. രണ്ട് തവണ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  മഞ്ജരി സ്വാന്തമാക്കി. രണ്ടായിരത്തി നാലിൽ മകൾക്കു എന്ന ചിത്രത്തിലെ മുകിലിൻ മക്കളേ എന്നഗാനത്തിനാണ് ആദ്യമായി പുരസ്ക്കാരം ലഭിക്കുന്നത്. രണ്ടാമതായി രണ്ടായിരത്തി എട്ടിൽ  വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ മുള്ളുള്ള മുരിക്കിന്മേൽ എന്ന ഗാനത്തിനും പുരസ്ക്കാരം ലഭിച്ചു. ഒരു പിന്നണി ഗായികയും തത്സമയ അവതാരകയുമാണ് മഞ്ജരി. ഗസൽ കച്ചേരികൾക്കായി സ്വന്തം ബാൻഡ് രൂപീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിൽ മഞ്ജരി പരിപാടികൾ  അവതരിപ്പിക്കുന്നുമുണ്ട്. രണ്ടായിരത്തി പതിനാറിൽ ഉർദു ഭാഷയിലേക്കും ഗസലുകളിലേക്കും മഞ്ജരി നൽകിയ സംഭാവനകളെ മുൻനിർത്തി സാഹിർ, അദീബ് ഇന്റർനാഷണൽ അവാർഡും മഞ്ജരിക്ക്  ലഭിച്ചു. രണ്ടായിരത്തി പതിനാറിൽ അവാർഡ് ലഭിച്ച നാല് സ്വീകർത്താക്കളിൽ ഏക ഇന്ത്യക്കാരി മഞ്ജരി ആയിരുന്നു. മുൻകാലങ്ങളിൽ ഗുൽസാർ, ജാവേദ് അക്തർ, കൈഫി ആസ്മി, ബിആർ ചോപ്ര, ഷബാന ആസ്മി, ഷർമിള ടാഗോർ, ബീഗം ബുഷ്‌റ റഹ്‌മാൻ തുടങ്ങി അറുപതോളം പ്രമുഖ വ്യക്തികൾക്കും ഇതിഹാസങ്ങൾക്കും അദീബ് ഇന്റർനാഷണൽ സാഹിർ, അദീബ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പട്ടികയിലേക്കാണ് മലയാളിയായ മഞ്ജരിയും ഇടം നേടിയത്.