Film News

അതിരുകളില്ലാതെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളുടെ സീന്‍ മാറ്റി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’

2024ലെ മലയാള സിനിമ റിലീസുകളില്‍ അതിവേഗത്തില്‍ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. പത്ത് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 35 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് 10 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി റെക്കോര്‍ഡ് കുറിച്ചു. മാര്‍ച്ച് രണ്ടിന് കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് 1.54 കോടിയിലെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ മാത്രം വന്ന ഗ്രോസ്. തിയറ്ററുകളില്‍ പത്ത് ദിനം പിന്നിടുമ്പോള്‍ ആഗോള കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 75 കോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ടു. മലയാള സിനിമ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ യാത്ര തുടരുന്നത്. കേരളത്തിലും തമിഴ് നാട്ടിലും മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ലഭിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സാണ്. 1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിള്‍സ് കിച്ചന്‍’ ഗുഹയിലാണ്. ‘ഗുണ’ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ ‘ഗുണ കേവ്‌സ്’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

2006ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്. യുകെയിലെ വിതരണാവകാശം ആര്‍എഫ്ടി ഫിലിംസും കരസ്ഥമാക്കി.

ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Ajay Soni