അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സില് ‘കണ്മണി അന്‍പോട്’ ഗാനവിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവ്. പാട്ട് ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണി പറഞ്ഞു. മ്യൂസിക് കമ്പനികളില്‍ നിന്ന് അവകാശം വാങ്ങിയിരുന്നു. വിഷയത്തില്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചില്ലെന്നും ഷോണ്‍ വ്യക്തമാക്കി.
പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികള്‍ക്കാണ് ‘കണ്മണി അന്‍പോട്’ ഗാനത്തിന്റെ അവകാശം. അവരില്‍ നിന്നും ഗാനം ഉപയോഗിക്കാന്‍ അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കി.
1991ലിറങ്ങിയ സന്താന ഭാരതി സംവിധാനം ചെയ്ത കമല്ഹാസന് നായകനായെത്തിയ ഗുണ എന്ന ചിത്രത്തിലെ ഗാനമാണ് ‘കണ്മണി അന്‍പോട്’. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി ഗാനം ചിട്ടപ്പെടുത്തിയത്. ഇതേ ഗാനം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലാണ് ഗാനം ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് വന്‍ വിജയമായതിന് പിന്നാലെ കണ്മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെന്‍ഡിങായി മാറിയിരുന്നു. പിന്നാലെയാണ് ഇളയരാജ നോട്ടീസ് അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.