എന്നെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളില്‍ പലതും തെറ്റാണ്, മിന്നല്‍ മുരളിയുടെ ബ്രൂസ്‌ലി ബിജി

മിന്നല്‍ മുരളിയിലെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ബ്രൂസ്‌ലി ബിജി. കൊച്ചി സ്വദേശിയായ ഫെമിന ജോര്‍ജാണ് മിന്നല്‍ മുരളിയിലെ ബ്രൂസ്ലി ബിജിയായി പ്രേക്ഷകരുടെ കയ്യടി നേടിയത്. തന്റെ സിനിമാ മോഹത്തെ കുറിച്ചും സിനിമയിലേയ്ക്കുള്ള…

മിന്നല്‍ മുരളിയിലെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ബ്രൂസ്‌ലി ബിജി.
കൊച്ചി സ്വദേശിയായ ഫെമിന ജോര്‍ജാണ് മിന്നല്‍ മുരളിയിലെ ബ്രൂസ്ലി ബിജിയായി പ്രേക്ഷകരുടെ കയ്യടി നേടിയത്. തന്റെ സിനിമാ മോഹത്തെ കുറിച്ചും സിനിമയിലേയ്ക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും ഫെമിന ജോര്‍ജ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറയുന്നത്.

ഫെമിനയുടെ വാക്കുകള്‍,

സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം ക്ലൈമാക്സാണ്. ബ്രൂസ്ലി ബിജി എന്ന കഥാപാത്രത്തിന്റെ ആദ്യ വിവരണം കേട്ടപ്പോഴും ഞാന്‍ ഏറെ ആകര്‍ഷിച്ചതും ക്ലൈമാക്സ് ആയിരുന്നു. ബ്രൂസ്ലി ബിജിക്ക് നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ അവസരമുള്ള ഒരു ക്ലൈമാക്സാണല്ലോ! ഒത്തിരി പേര്‍ അക്കാര്യം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. പൊതുവെ സിനിമകളില്‍ നായിക, നായകന്റെ നിഴലോ അല്ലെങ്കില്‍ അയാളെ ആശ്രയിച്ചു നില്‍ക്കുന്ന ഒരാളോ ആകും. മിന്നല്‍ മുരളിയില്‍ അങ്ങനെയല്ല. ഒരു പ്രശ്നം വരുമ്പോള്‍ മിന്നല്‍ മുരളിക്കായി അവര്‍ കാത്തു നില്‍ക്കുന്നില്ല. ബിജിക്ക് ബിജി മതി. അവള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ എന്നൊരു ബോധ്യം അവള്‍ക്കുണ്ട്. അങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. അതു സൃഷ്ടിച്ചതിന് എഴുത്തുകാരായ അരുണിനും ജസ്റ്റിനും വലിയ നന്ദി. അതു നല്ല രീതിയില്‍ അവതരിപ്പിച്ചെടുക്കാന്‍ ബേസിലേട്ടനും സഹായിച്ചു.


എന്നെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളില്‍ പലതും തെറ്റാണ്. ഞാന്‍ ഡിഗ്രി സെന്റ് തെരേസാസില്‍ നിന്നല്ല എടുത്തത്. രാജഗിരിയിലാണ് ഡിഗ്രി ചെയ്തത്. എംകോം ചെയ്തത് സെന്റ് തെരേസാസിലായിരുന്നു. ഞാന്‍ ജനിച്ചത് സൗദിയിലാണ്. പിന്നീടാണ് കൊച്ചിയിലെത്തിയത്. ബികോം പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു വര്‍ഷം ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്തു. അതിനുശേഷമാണ് പി.ജി പഠിക്കാന്‍ പോയത്. 2021ല്‍ എംകോം പൂര്‍ത്തിയാക്കി. ആ കോഴ്സിനു ചേര്‍ന്ന സമയത്താണ് മിന്നല്‍ മുരളിയുടെ ഓഡിഷനു പോയതും തിരഞ്ഞെടുക്കപ്പെട്ടതും. ചെറുപ്പം മുതല്‍ തന്നെ സിനിമ വളരെ ഇഷ്ടമായിരുന്നു. പത്രം തുറന്നാല്‍ സിനിമാവാര്‍ത്തകളെ വായിക്കാറുള്ളൂ. ചെറുപ്പത്തിലൊക്കെ കണ്ണാടിയില്‍ നോക്കി പലതരത്തില്‍ ഓരോന്നു ചെയ്തു നോക്കും.