ശത്രുദോഷമകറ്റാന്‍ ‘മറികൊത്തല്‍’ വഴിപാട് നടത്തി മോഹന്‍ലാല്‍!!

കണ്ണൂരിലെ പ്രസിദ്ധമായ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരരാജാവ് മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെയാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രം എക്സിക്യൂടീവ് ഓഫീസറും ഭാരവാഹികളും ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് താരത്തിനെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി. ഐതിഹ്യങ്ങളും ആചാരങ്ങളും ചോദിച്ച് മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ‘ഉരിച്ച തേങ്ങ മറികൊത്തല്‍’ വഴിപാടും നടത്തി.
താരത്തിന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് ‘മാമാന് മഹാദേവി ക്ഷേത്രം’ അഥവാ ‘മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം’. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.