‘കത്തനാർ ‘സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ; അതിഥി വേഷത്തിലെത്തുമോ എന്ന് ആരാധകർ

പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറയുന്ന ഒന്നാണ്  ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’. ഇപ്പോഴിതാ കത്തനാർ  സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്  നടൻ മോഹൻലാൽ.ലൊക്കേഷനിൽ എത്തിയ നടൻ സിനിമയുടെ വിശേഷങ്ങളും മറ്റും ചോദിക്കുകയും അണിയറപ്രവർത്തകർക്കും നടൻ ജയസൂര്യക്കുമൊപ്പം സമയം ചെലവഴിച്ചാണ് തിരിച്ചു പോയത്.നടൻ ജയസൂര്യയാണ് നടനുമൊത്തുള്ള ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നടൻ അണിയറപ്രവർത്തകരോടും മറ്റും കുശലാന്വേഷണം നടത്തുന്നതും ടെക്നിക്കൽ വശങ്ങൾ മനസിലാക്കുന്നതും ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. എന്നാൽ കത്തനാരിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുമോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്. അങ്ങനെ എങ്കിൽ  ഇതിനിടകം തന്നെ ചർച്ചയായ കത്തനാർ സിനിമയയുടെ പ്രതീക്ഷ ഒന്ന് കൂടി ഉയരും .    ഇതിനിടെ സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ പൂർത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഷെഡ്യൂൾ നടന്നു വരികയാണ്. നൂറ്റി അമ്പത് ദിവസത്തോളം ചിത്രീകരണം നീളുന്ന മൂന്നാമത്തെ ഷെഡ്യൂൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിവരങ്ങൾ.2024 ൽ പ്രദർശനത്തിന് എത്തുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടുകൂടി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്.

ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമാനന്തനാണ്. അതിഭീമമായ ബജറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത് വെർച്യുൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാകുമെന്നുറപ്പാണ്. 40 ഏക്കർ ഭൂമിയിലെ നാൽപ്പതിനായിരം ചതുരശ്രയടിയിൽ ഒരുങ്ങിയ സെറ്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു പടുകൂറ്റൻ സെറ്റാണ് പുതിയ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. തമിഴ് തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച് മലയാളി രാജീവൻ ആണ് ജയസൂര്യയുടെ ‘കത്തനാരിന്റെ’ സെറ്റ് രൂപകല്‍പന ചെയ്‍തിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. നീൽ ഡിക്കൂഞ്ഞയാണ് ഛായാഗ്രാഹകൻ. റോമിലും ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്‌. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയുന്നുണ്ട്.


ത്രീഡിയിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.  ഇതിനുമുൻപ് ചിത്രത്തിലെ ആദ്യ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ആദ്യ ഗ്ലിമ്പ്സ് സിനിമ ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കുമെന്ന സൂചനയാണ് തരുന്നത്. നടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് സിനിമയെ കുറിച്ചുള്ള ആദ്യ അപ്ഡേഷനും പുറത്ത് വന്നത്. കത്തനാരെ സംശയത്തോടു കൂടി നോക്കി കാണുന്ന മത പുരോഹിതരേയും, ആദ്യ കാലങ്ങളിലെ കഷ്ടപാടുകൾ നിറഞ്ഞു നിൽക്കുന്ന കത്തനാരെയും കുറിച്ചുള്ള സൂചനകളാണ് അപ്ഡേഷൻ നൽകുന്നത്. ജയസൂര്യ മാത്രം നായകനായി ഏറെക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ചിത്രമാകും ‘കത്തനാർ’. മൊത്തം 200 ദിവസത്തെ ചിത്രീകരണമാണ് ഈ സിനിമയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.  ഏറെ തയ്യാറെടുപ്പുകളുമായി ജയസൂര്യ നായകനാകുന്ന ചിത്രം കത്തനാറില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ അനുഷ്‍ക ഷെട്ടിയാണ് നായികയാകുന്നത് എന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ വിനീതും നിര്‍ണായക വേഷത്തിലുണ്ടാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും .