സുഹൃത്തിന്റെ സ്‌കൂളിന്റെ ശതാബ്ധി ആഘോഷത്തില്‍ സര്‍പ്രൈസ് എന്‍ട്രിയായി ലാലേട്ടന്‍!!

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. താരത്തിനെ കാണാനായി ആഗ്രഹിക്കാത്തവരില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം താരം ലാലേട്ടനാണ്. സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ്. താരത്തിനെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

ഇപ്പോഴിതാ ആ മഹാഭാഗ്യം ലഭിച്ചിരിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള കോഴിക്കോട് വൈക്കിലശ്ശേരി യുപി സ്‌കൂളിലാണ് അപ്രതീക്ഷിത അതിഥിയായി ലാലേട്ടന്‍ എത്തിയത്.

ശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് വൈക്കിലശ്ശേരി സ്‌കൂള്‍. മോഹന്‍ലാല്‍ പെട്ടെന്ന് സ്‌കൂളിലേക്ക് എത്തിയതിന്റെ ഷോക്കിലാണ് കുട്ടികളും നാട്ടുകാരുമെല്ലാം. തന്റെ പ്രിയ സുഹൃത്തിന്റെ സ്‌കൂളിലേക്കാണ് താരം എത്തിയത്. ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്റും താരത്തിന്റെ അടുത്ത സുഹൃത്തുമായ കെ മാധവന്‍ പഠിച്ച സ്‌കൂളാണ് വൈക്കിലശ്ശേരി സ്‌കൂള്‍.

സ്‌കൂളിലെ ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. പൂര്‍വ്വ വിദ്യാര്‍ഥിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് താരരാജാവ്
എത്തിയത്.

‘ഈ സ്‌കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിയിരിക്കുകയാണ്. പക്ഷേ അതിന്റെ തുടക്കം ഇവിടെ നിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹത്തിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മാധവന്റെ കുടുംബത്തിലെ ചടങ്ങുകളിലും സ്ഥിരം സാന്നിധ്യമാണ് മോഹന്‍ലാല്‍. ഏറ്റവുമൊടുവില്‍ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരം കാണാനും മോഹന്‍ലാലും കെ മാധവനും ഒരുമിച്ച് എത്തിയ ചിത്രങ്ങളും വൈറലായിരുന്നു.

ഈ മാസം 21-ന് തീയേറ്ററുകളില്‍ എത്തുന്ന പുതിയ സിനിമ നേരിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരം. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന കോര്‍ട്ട് ഡ്രാമയാണ് നേര്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.