യഥാര്‍ഥ കാഴ്ച തിരിച്ചുകിട്ടി!!! സന്തോഷ നിമിഷം പങ്കിട്ട് അഹാന കൃഷ്ണ

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവനായികയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ എല്ലം പങ്കിടാറുണ്ട്. അഹാന മാത്രമല്ല താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താന്‍ ജീവിതത്തിലെടുത്ത പുതിയ ചുവടുവയ്പ്പ് പങ്കിട്ടിരിക്കുകയാണ്…

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവനായികയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ എല്ലം പങ്കിടാറുണ്ട്. അഹാന മാത്രമല്ല താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താന്‍ ജീവിതത്തിലെടുത്ത പുതിയ ചുവടുവയ്പ്പ് പങ്കിട്ടിരിക്കുകയാണ് താരം. എപ്പോഴും താരത്തിനെ കണ്ണ ധരിച്ച് മാത്രമേ കണ്ടിട്ടുള്ളൂ, ഇപ്പോഴിതാ ആ സന്തത സഹചാരിയെ ഒഴിവാക്കിയിരിക്കുകയാണ് അഹാന. താന്‍ ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിയ്ക്ക് വിധേയയായെന്ന സന്തോഷമാണ് താരം പങ്കിടുന്നത്.

കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞെന്ന് അഹാന പറയുന്നു. ഇത്രയും വര്‍ഷത്തിനിടയിലുള്ള തന്റെ കാഴ്ചയിലെ വ്യത്യാസങ്ങളും സര്‍ജറിയെക്കുറിച്ചുള്ള അനുഭവങ്ങളും വിശദമായി വീഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നുണ്ട്. സ്മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിയാണ് താരം ചെയ്തത്. സര്‍ജറിയ്ക്ക് പോകുന്ന വീഡിയോയും അനുഭവങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ഈ വീഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഈ വീഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാന്‍ വേണ്ടി അല്ല. ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ച ശേഷവും ഇന്റര്‍നെറ്റില്‍ തിരഞ്ഞതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇതില്‍ ഒരുപക്ഷേ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം അതുകൊണ്ട് എന്റെ വീഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങള്‍ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യണമെന്നും താരം പറയുന്നുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചേ ഏത് ശസ്ത്രക്രിയയ്ക്കും വിധേയരാക്കാന്‍ പാടുള്ളൂ എന്നും അഹാന പറയുന്നു.

എന്റെ കണ്ണിന്റെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലേസര്‍ സര്‍ജറിക്ക് വിധേയയായി. ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവന്‍ അനുഭവങ്ങളും പങ്കുവയ്ക്കാനാണ് ഞാന്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഇതു ചെയ്യാന്‍ കാരണം കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ഈ അനുഭവം ഒന്നുകൂടി കാണാന്‍ വേണ്ടിയാണ്. എല്ലാ കാര്യങ്ങളും നമ്മള്‍ ഓര്‍ത്തിരിക്കണം എന്നില്ലല്ലോ. ഈ ചികിത്സ തേടുന്നതിന് മുന്‍പ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുന്‍പ് നമ്മുടെ മനസ്സില്‍ പതിനായിരം ചോദ്യങ്ങളുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒരു വീഡിയോ കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ഈ വിഡിയോ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ ആകട്ടെ എന്നു കരുതി.

ഞാന്‍ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്മൈല്‍ എന്നാണ്. ഇത് ഒരു ലേസര്‍ സര്‍ജറി ആണ്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് ലാസിക് എന്ന സര്‍ജറി ആണ്. മൂന്നു തരം ലേസര്‍ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാന്‍സ് പിആര്‍കെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്മൈല്‍ (സ്മാള്‍ ഇന്‍സിഷന്‍ ലെന്റിക്യൂള്‍ എക്‌സ്ട്രാക്ഷന്‍).

ഏകദേശം പതിനാറു വര്‍ഷം പിന്നിലേക്ക് പോയാല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കണ്ണട വക്കുന്നത്. എനിക്ക് ബോര്‍ഡില്‍ എഴുതിയത് കാണാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ വീട്ടില്‍ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്ന്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒന്നും അച്ഛനമ്മമാര്‍ കാര്യമായി എടുക്കാറില്ല. അങ്ങനെ ഒടുവില്‍ ഞാന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസന്‍ ഐ കെയറില്‍ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു.

അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാന്‍ ഞാന്‍ വിജയകരമായി പരാജയപ്പെട്ടു. അന്ന് വായിക്കാന്‍ പറ്റാതിരുന്നതില്‍ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിനു ശേഷം ഞാന്‍ സ്‌കൂളിലെ ഏറ്റവും കൂള്‍ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്പെക്സി ലുക്കില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു. പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂള്‍ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികള്‍ ഫാഷന്‍ മാറുന്നതിനൊപ്പം ഞാന്‍ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഞാന്‍ കണ്ണാടി ഉടുപ്പില്‍ തൂക്കി ഇട്ടോണ്ട് നടക്കാന്‍ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.

2013ല്‍ ആണ് ഞാന്‍ കോണ്‍ടാക്ട് ലെന്‍സിലേക്ക് ചേക്കേറുന്നത്. സാരി ഒക്കെ ഉടുക്കുമ്പോള്‍ കണ്ണാടി വയ്ക്കാന്‍ മടി ആയിരുന്നു ലെന്‍സ് വയ്ക്കുമ്പോള്‍ ആ ഒരു ബുദ്ധിമുട്ട് മാറി പക്ഷേ ലെന്‍സ് വച്ചിട്ട് ഉണ്ടായ ഒരു അനുഭവമുണ്ട്. 2014 ല്‍ സ്റ്റീവ് ലോപസ് സിനിമ ചെയ്യുന്ന സമയത്ത് മൂവി ലോഞ്ച് നടക്കുമ്പോള്‍ വാഷ് ബേസിന്റെ അടുത്തുനിന്ന് ലെന്‍സ് കണ്ണില്‍ വച്ചുകൊണ്ടിരുന്നപ്പോ അത് കയ്യില്‍ നിന്ന് താഴെ വീണു. ഞാന്‍ ഒരു മണ്ടി ആയതുകൊണ്ട് അത് തിരിച്ചറിയാതെ പൈപ്പ് തുറന്നു. അപ്പോഴാണ് മനസ്സിലായത് ലെന്‍സ് വാഷ്ബേസിനില്‍ ഒഴുകിപോയി. ഞാന്‍ ആകെ തളര്‍ന്നു. എന്റെ കയ്യില്‍ വേറെ ലെന്‍സില്ല. ലെന്‍സ് ഇല്ലെങ്കില്‍ എനിക്ക് കാണാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമ ലോഞ്ച് ആണ്. എന്റെ കുടുംബം വളരെ കലാപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്.

ഞാന്‍ അപ്പച്ചിയെയും അമ്മയെയും വിളിച്ചു. അപ്പച്ചി പറഞ്ഞു ഇത് ഇപ്പൊ താഴെ വീണിട്ടല്ലേ ഉള്ളൂ നമുക്ക് താഴത്തെ ഡ്രെയ്ന്‍ പൈപ്പ് തുറക്കാം. അങ്ങനെ അവര്‍ അത് തുറന്നു. ഡ്രെയ്‌നേജിലെ വേസ്റ്റ് എല്ലാം കൈകൊണ്ട് മാറ്റി. ഗതികേട് ആലോചിക്കണം ഒരു മണിക്കൂറില്‍ റെഡി ആയി സിനിമാനടി ആയി പരിപാടിക്ക് പോകേണ്ട ഞാന്‍ ആണ് വേസ്റ്റ് വാരുന്നത്. ഞാനും അപ്പച്ചിയും കൂടി ചപ്പുചവറില്‍ നിന്ന് ലെന്‍സ് കണ്ടെടുത്തു. ഭാഗ്യത്തിന് അത് കീറിപോയില്ല. ഇന്നായിരുന്നെങ്കില്‍ നമ്മള്‍ വൃത്തിയെപ്പറ്റി കൂടുതല്‍ ചിന്തിച്ചേനെ. പക്ഷേ അന്ന് അത്രക്ക് ഒന്നും ചിന്തിച്ചില്ല. ആ ചവറുകുപ്പയില്‍ നിന്നെടുത്ത ലെന്‍സിനെ കഴുകി കണ്ണില്‍ വച്ചു വേഷം കെട്ടി പരിപാടിക്ക് പോയി.

അങ്ങനെ കണ്ണാടിയും ലെന്‍സും വച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴേക്കും കണ്ണിലെ പവര്‍ ഒരുപാടു കൂടി. അങ്ങനെയിരിക്കെ ആണ് ലാസിക് സര്‍ജറിയെക്കുറിച്ച് കേള്‍ക്കുന്നത്. ഞങ്ങള്‍ തിരുനെല്‍വേലിയില്‍ ഉള്ള അരവിന്ദ് കണ്ണാശുപത്രിയില്‍ ലാസിക് ചികിത്സ ചെയ്യാന്‍ പോയി. ഞാനും അച്ഛനും കൂടിയാണ് പോയത് അമ്മക്ക് ഭയങ്കര പേടി ആയിരുന്നു. ഏകദേശം ഒരുലക്ഷം രൂപയാണ് അന്ന് ആ സര്‍ജറിക്ക് ആയത്. അന്ന് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അച്ഛന്റെ ഒരു സുഹൃത്താണ് അന്ന് ഒരുലക്ഷം രൂപ തന്നു സഹായിച്ചത്. പക്ഷേ ചില ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് നിങ്ങളുടെ കണ്ണ് വളരെ അപകടകരമായ അവസ്ഥയില്‍ ആണ് ഈ കണ്ണില്‍ നമുക്ക് തൊടാന്‍ കഴിയില്ല. ഞാനും അച്ഛനും ആശയക്കുഴപ്പത്തിലായി. അവര്‍ പറഞ്ഞത് ലാസിക് ചെയ്യുന്നത് നമ്മുടെ കോര്‍ണിയയില്‍ ആണ് അത് കോര്‍ണിയയുടെ ചെറിയൊരുഭാഗം മുറിക്കും എന്നിട്ടാണ് ലേസര്‍ വയ്ക്കുന്നത്. കോര്‍ണിയയ്ക്ക് കട്ടി ഉണ്ടെങ്കിലേ മതിയാകൂ. പക്ഷേ എന്റെ കോര്‍ണിയയുടെ കട്ടി വളരെ കുറവായിരുന്നു പക്ഷേ പവര്‍ കൂടുതലും. ഞാന്‍ വല്ലാതെ വിഷമിച്ചു. വിഷമിക്കേണ്ട നമുക് എന്തെങ്കിലും പരിഹാരം കാണാം. അന്ന് തിരിച്ചു വന്നപ്പോ ഒരു കോക്കനട്ട് മംഗോ പുഡ്ഡിങ് അമ്മ ഉണ്ടാക്കി തന്നു അത് മുഴുവന്‍ കഴിച്ചാണ് ആ വിഷമം തീര്‍ത്തത്. ആ യാഥാര്‍ഥ്യം എല്ലാം ഉള്‍ക്കൊണ്ടുതന്നെ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോ എന്റെ സ്‌കൂള്‍ റീയൂണിയനു പോയപ്പോ എന്റെ സുഹൃത്ത് ശ്രീദേവി പറഞ്ഞു ഞാനും ലാസിക് ചെയ്യാന്‍ പോയിട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ട്രാന്‍സ് പിആര്‍പി എന്നൊരു ചികിത്സ ചെയ്തു ഇത് കോര്‍ണിയ കട്ടി ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന്. എനിക്കതൊരു പുതിയ അറിവായിരുന്നു. എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കാം എന്നുഞാന്‍ കരുതി. ഞാന്‍ തിരിച്ചു വന്നിട്ട് എന്റെ കണ്ണുഡോക്ടര്‍ ജെയ്‌ന് മെസ്സേജ് അയച്ചു ചോദിച്ചു. ഡോക്ടര്‍ പറഞ്ഞു അങ്ങനെ ഒരു ശസ്ത്രക്രിയ ഉണ്ട്. പക്ഷേ സ്മൈല്‍ എന്നൊരു ശസ്ത്രക്രിയ കൂടി ഉണ്ട് അത് വേണമെങ്കില്‍ ചെയ്യാവുന്നതേ ഉള്ളൂ. ഏറ്റവും പുതിയ ട്രീറ്റ്‌മെന്റ് ഇതാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സ ആയതുകൊണ്ട് എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ഡോക്ടര്‍ അഗര്‍വാള്‍ ആശുപത്രിയില്‍ പോയി. അവര്‍ കുറെ ടെസ്റ്റുകള്‍ ചെയ്തു. ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഈ ശസ്ത്രക്രിയ ചെയ്യാന്‍ എനിക്ക് കഴിയും എന്ന് ഡോക്ടര്‍ പറഞ്ഞു.

ഒരുപാട് നൂതനമായ ടെസ്റ്റുകള്‍ എല്ലാം ചെയ്തതിന് ശേഷം എനിക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയും എന്ന് തീരുമാനമായി. ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ രജീഷ വിജയന്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. എന്റെ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നു. കണ്ണട വയ്ക്കാതെ ദൂരെയുള്ള കാര്യങ്ങള്‍ പോലും എനിക്ക് വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ഞാന്‍ ആദ്യമായി കണ്ണട ഇല്ലാതെ കാണാന്‍ പോയത് എന്റെ വീടിനടുത്തുള്ള ഗോള്‍ഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണം എന്ന് തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. എന്റെ കണ്ണുകൊണ്ടു ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്ച്ചയില്‍ നിന്ന് 4 കെയില്‍ കാണുന്ന പോലെ ആയിരുന്നു അത്. എനിക്ക് ഈ ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ളവര്‍ ഉറപ്പായും വിദഗ്‌ധോപദേശം തേടി ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ഈ വീഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഈ വീഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാന്‍ വേണ്ടി അല്ല. ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചതിന് നിന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞതില്‍ നിന്നു മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതില്‍ ഒരുപക്ഷെ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം അതുകൊണ്ട് എന്റെ വീഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങള്‍ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക. വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശം ഉള്‍ക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്ക്കും വിധേയരാകാന്‍ പാടുള്ളൂ, എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നത്.