‘മധുബാല ആ സീൻ ചെയ്യാമെന്നായി’ ; കേട്ടവരെല്ലാം ഞെട്ടിയെന്ന് ,മുകേഷ് 

മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളാണ് നടന്‍ മുകേഷ് ആരാധകരോടായി  വെളിപ്പെടുത്താറുള്ളത്. സിനിമാ ലൊക്കേഷനില്‍ നിന്നും അധികമാര്‍ക്കും അറിയാത്ത പല കഥകളും നടന്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ നടി മധുബാല ആദ്യമായി മലയാളത്തില്‍…

മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളാണ് നടന്‍ മുകേഷ് ആരാധകരോടായി  വെളിപ്പെടുത്താറുള്ളത്. സിനിമാ ലൊക്കേഷനില്‍ നിന്നും അധികമാര്‍ക്കും അറിയാത്ത പല കഥകളും നടന്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ നടി മധുബാല ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ വന്നപ്പോഴുണ്ടായ ഒരു അനുഭവ കഥയാണ് പുതിയ വീഡിയോയിലൂടെ മുകേഷ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റയാള്‍ പട്ടാളം എന്ന സിനിമയിലേക്ക് ബോളിവുഡിൽ നിന്നും നടി മധുബാല അഭിനയിക്കാന്‍ വന്നതിനെ കുറിച്ചുള്ള കഥയായിരുന്നു മുകേഷ് പറഞ്ഞത്. പുതിയൊരു നായിക വേണമെന്ന് പറഞ്ഞപ്പോഴാണ് മധുവിലേക്ക് എത്തുന്നത്അന്ന് ഒന്ന് രണ്ട് ഹിന്ദി സിനിമകളിലൊക്കെ അഭിനയിച്ച് നില്‍ക്കുകയാണ് അവര്‍. മലയാളം കാര്യമായി അറിയില്ലെങ്കിലും അവര്‍ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യുന്ന നടിയാണ്. അങ്ങനെ സിനിമയില്‍ അഭിനയിക്കാനെത്തിയ മധുവിനോട് താനും ഇന്നസെന്റും സംസാരിക്കുകയായിരുന്നു. അത്യാവശ്യം ഹിന്ദിയൊക്കെ അറിയാവുന്ന ഇന്നസെന്റ് മധുവിനോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. പിതാവ് എന്ത് ചെയ്യുകയാണെന്ന ചോദ്യത്തിന് ഹിന്ദിയിലെ സിനിമാ നിര്‍മാതാവാണെന്ന് പറഞ്ഞു. പിതാവ് നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇത് കേട്ടതോടെ അത് നന്നായി, അല്ലേലും കാശ് മുടക്കുന്ന സിനിമയില്‍ നല്ലോണം അഭിനയിക്കുന്ന ആരെയെങ്കിലും വെച്ചാല്‍ പോരെ എന്ന് ചിന്തിച്ചു കാണുമെന്ന് പറഞ്ഞു. അദ്ദേഹം തമാശയായി പറഞ്ഞതാണെങ്കിലും മധുവിനത് ഫീല്‍ ചെയ്തു.

അവരുടെ കണ്ണിലൂടെ കരച്ചില്‍ പോലും വന്നുവെന്നാണ് മുകേഷ് പറയുന്നത്. ഇതേ സിനിമയുടെ ലൊക്കേഷനില്‍ മധുവിന് ഫോണ്‍ ചെയ്യാനൊരു അവസരം ചെയ്ത് കൊടുത്തപ്പോഴാണ് തന്നോട് അവര്‍ക്ക് ഒരു മതിപ്പ് വന്നത്. അങ്ങനെ മധുവിന്റെ ഇഷ്ടം താന്‍ സ്വന്തമാക്കിയെന്ന് മുകേഷ് പറയുന്നു. സിനിമയുടെ ക്ലൈമാക്‌സ് വേളിയില്‍ വച്ചാണ് ഷൂട്ട് ചെയ്യുന്നത്. മധുവിന്റെ കഥാപാത്രം വെള്ളത്തിലേക്ക് എടുത്ത് ചാടുകയും തന്റെ കഥാപാത്രം അവരെ രക്ഷിക്കുന്നതുമൊക്കെയാണ് സീന്‍. അതിനെല്ലാം തയ്യാറായി നില്‍ക്കുമ്പോഴാണ് പുതിയൊരു പ്രശ്‌നം ഉണ്ടാവുന്നത്. അവിടെ ഷൂട്ടിങ്ങ് കാണാന്‍ വന്ന ആരോ മധുവിന്റെ അച്ഛനോട് ആ വെള്ളത്തില്‍ ഇറങ്ങരുതെന്ന് പറഞ്ഞു. അവിടെ അണ്ടര്‍ഗ്രൗണ്ട് ഉണ്ടെന്നും ഇറങ്ങിയാല്‍ പിന്നെ മൃതദേഹം പോലും കിട്ടില്ലെന്നും പറഞ്ഞു ഇതോടെ മധുവും അച്ഛനും പേടിച്ചു. സംവിധായകരടക്കമുള്ളവര്‍ പറഞ്ഞ് നോക്കിയെങ്കിലും അച്ഛന്‍ പറയുന്നത് പോലെയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയിലായി. അങ്ങനെ ഡ്യൂപ്പിനെ വച്ച് സീന്‍ എടുക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ താന്‍ അവരോട് പോയി രണ്ട് മിനുറ്റ് സംസാരിച്ചു.

അത് കഴിഞ്ഞ് തിരിച്ച് വന്നതോടെ മധു ആ സീനിനുള്ള കോസ്റ്റിയൂം അന്വേഷിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ആ സീന്‍ അവര്‍ ചെയ്‌തോളാമെന്നായി. ഇത് കേട്ടതോടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി. അന്ന് മധുവിനോട് താനെന്താണ് പറഞ്ഞതെന്ന് പലരും ചോദിച്ചെങ്കിലും താനിതുവരെ ആരോടും പറഞ്ഞിട്ടില്ല. ആ കഥയാണ് ഇവിടെ പറയുന്നതെന്ന് മുകേഷ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് പഠിച്ച ആളാണ് ഞാന്‍. ഇവിടെ ഇങ്ങനൊരു പ്രശ്‌നം ഉള്ളതായി അറിയില്ല. എന്നിരുന്നാലും അതില്‍ ഇറങ്ങണോ എന്നത് മധുവിന്റ തീരുമാനമാണ്. പക്ഷേ മലയാളത്തിലുള്ള നടിമാരൊന്നും ഇത് ചെയ്യാത്തത് കൊണ്ടാണ് ബോംബെയില്‍ നിന്നും മധുവിനെ കൊണ്ട് വരുന്നത്. ഇവിടെയുള്ള കുട്ടികളോട് സ്വീമിംഗ് പൂളില്‍ ചാടാന്‍ പറഞ്ഞാല്‍ പോലും ചാടില്ല. വെള്ളം പേടിയാണ്. പക്ഷേ മധുവിനെ പോലെ സ്മാര്‍ട്ടായിട്ടുള്ള പെണ്‍കുട്ടികള്‍ അത് ചെയ്യുമെന്ന് ചര്‍ച്ചയിലൂടെ എല്ലാവരും പറഞ്ഞു. മാത്രമല്ല സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസം എന്റെ കൂടെ വന്നിരുന്ന് കാണണം. മധു വെള്ളത്തില്‍ ചാടുന്ന സീനിന് ഫുള്‍ കൈയ്യടിയായിരിക്കും. അതാണ് ബോംബെയില്‍ നിന്നും വന്നതിന്റെ പവര്‍ എന്ന് അവര്‍ പറയുമെന്നും താന്‍ പറഞ്ഞു. ഇത് കേട്ടതോടെയാണ് മധു കോസ്റ്റിയൂം ചോദിച്ച് ചാടി എഴുന്നേറ്റത് എന്നും ഇതാണ് സംഭവിച്ചതെന്ന് മുകേഷ് പറയുന്നു.