ഒരുപാട് കരഞ്ഞു..ഒടുവില്‍ ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം ആരംഭിക്കാന്‍ പോകുന്നു-വിവാഹവാര്‍ത്ത പങ്കുവച്ച് നയന ജോസന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി നയന ജോസന്‍. കൂടെവിടെ പരമ്പരയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് നയന. മിനിസ്‌ക്രീനില്‍ നെഗറ്റീവ് റോളിലാണ് നയന തിളങ്ങിയത്. ബിഗ് സ്‌ക്രീനിലും തിളങ്ങാന്‍ താരത്തിനായിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. വിവാഹനിശ്ചയം കഴിഞ്ഞെന്ന സന്തോഷമാണ് നടി പങ്കുവച്ചത്. തന്റെ പ്രണയം സഫലമായെന്നും പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഗോകുലാണ് നയനയുടെ വരന്‍.

‘ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങള്‍ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നല്‍കുന്ന, എന്റെ അഭിനിവേശത്തെ, എന്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഏറ്റവും ഒടുവില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം ആരംഭിക്കാന്‍ പോകുന്നു’ എന്നാണ് പ്രതിശ്രുത വരന്‍ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചത്. നിരവധി ആരാധകരാണ് താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്.

നടി മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയാണ് നയന. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റ് ഷോയുടെ വിന്നറായിരുന്നു നയന. കുഞ്ഞുനാളിലെ താരം ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്.