സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു!!

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ ക്ലാസിക് സിനിമകളായ യോദ്ധ, ഗാന്ധര്‍വം, നിര്‍ണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

1990ലിറങ്ങിയ രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംഗീത് ശിവന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം, നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത് സംഗീത് ആണ്. ‘ജോണി’യ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.

1997ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും ചുവടുവച്ചു.സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.