അപകടത്തില്‍പ്പെട്ട യുവാവിനെ ജെസിബി കൈയില്‍ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാര്‍- വീഡിയോ

മധ്യപ്രദേശിലെ കട്നി ജില്ലയില്‍ അപകടത്തില്‍പ്പെട്ടയാളെ ജെസിബി കൈയില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തു വന്നു. ആംബുലന്‍സ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നാണ് ജെസിബിയില്‍ ആളെ കയറ്റാന്‍ തീരുമാനിച്ചത്.

അപകടം ഉണ്ടായ ഉടന്‍ തന്നെ 108 ല്‍ വിളിച്ച് ആംബുലന്‍സിന്റെ സഹായം തേടി. എന്നാല്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ഏജന്‍സി മാറിയതായി അറിയിച്ചു. സമീപ നഗരത്തില്‍ നിന്നും ആംബുലന്‍സ് എത്താന്‍ ഏറെ സമയം വൈകും. സ്ഥലത്തെ ഓട്ടോറിക്ഷക്കാരെ സമീപിച്ചപ്പോള്‍ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വിസമ്മതിച്ചു.

ഇതേത്തുടര്‍ന്നാണ് ജെസിബിയില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അംഗവും ജെസിബി ഉടമയുമായി പുഷ്പേന്ദ്ര വിശ്വകര്‍മ്മ പറഞ്ഞു. പുഷ്‌പേന്ദ്ര വിശ്വകര്‍മയുടെ കടയ്ക്ക് മുന്നിലായിരുന്നു അപകടം.

എന്നാല്‍, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. കഴിഞ്ഞ മാസം, കനത്ത വെള്ളപ്പൊക്കത്തില്‍ ആംബുലന്‍സ് സ്ഥലത്തെത്താന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ നീമാച്ച് ജില്ലയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ജെസിബി മെഷീനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായിരുന്നു.