
കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്ശന് കൊലപ്പെടുത്തിയ ആരാധകന് രേണുക സ്വാമി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് നടനെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്. കാമാക്ഷിപാളയത്തെ ഓടയില്‍നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണമാണ് താരത്തിലേക്ക് എത്തിയത്.
ഇപ്പോഴിതാ രേണുക സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടിലാണ് അതിക്രൂര പീഡനങ്ങള്‍ നേരിട്ടിരുന്നെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡേയാണ് രേണുകാ സ്വാമിയുടെ മുറിവേറ്റ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്.

രേണുകാ സ്വാമിയുടെ ശരീരമാസകലം മുറിവേറ്റ നിലയിലാണ്. ചെവി അറുത്തുമാറ്റി, വൃഷണം ചതയ്ക്കുകയും ചെയ്ത നിലയിലാണ്. മാത്രമല്ല മരണത്തിന് മുന്‍പ് ഷോക്കേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. താടിയെല്ലുകള്‍ തകര്‍ന്ന് വായും വികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദര്‍ശനും ഭാര്യയുമായുള്ള ബന്ധം വഷളാകാന്‍ കാരണം നടി പവിത്ര ഗൗഡ എന്ന കാമുകിയാണെന്ന് രേണുക സ്വാമി മനസ്സിലാക്കിയതോടെയാണ് പ്രശ്നമായത്. രേണുകാ സ്വാമി പവിത്രയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചു. പിന്നാലെ നടിയാണ് ക്രൂരകൃത്യം നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.











